'അധികാരത്തിൽ കടിച്ചുതൂങ്ങാൻ അവസാന നിമിഷംവരെ ഇംറാൻ സൈന്യത്തോട് യാചിച്ചു'; വെളിപ്പെടുത്തലുമായി മറിയം ശരീഫ്

ലാഹോർ: സർക്കാറിനെ നിലനിർത്താനും അധികാരത്തിൽ കടിച്ചുതൂങ്ങാനും അവസാന നിമിഷം വരെ ഇംറാൻ ഖാൻ സൈനിക സംവിധാനത്തോട് യാചിച്ചുവെന്ന് ഭരണകക്ഷിയായ പാകിസ്താൻ മുസ്ലിം ലീഗ് -എൻ (പി.എം.എൽ -എൻ) വൈസ് പ്രസിഡന്‍റ് മറിയം നവാസ് ശരീഫ്.

75 വർഷത്തെ അസ്തിത്വത്തിന്റെ പകുതിയിലധികവും പാക്കിസ്താനെ ശക്തമായ സൈന്യം ഭരിക്കുന്നതും സുരക്ഷയുടെയും വിദേശനയത്തിന്റെയും കാര്യങ്ങളിൽ സൈന്യം ഇടപെടുന്നതുമാണ് കണ്ടത്. എന്നാൽ, ഷഹ്ബാസ് ശരീഫും ഇംറാനും തമ്മിലുള്ള രാഷ്ട്രീയ തർക്കത്തിൽ സൈന്യം അകലംപാലിച്ചെന്നും അവർക്ക് രാഷ്ട്രീയത്തിൽ ഒന്നും ചെയ്യാനില്ലായിരുന്നുവെന്നും മറിയം പറഞ്ഞു.

തന്‍റെ സർക്കാറിനെ സംരക്ഷിക്കാൻ അവസാന നിമിഷം വരെ ഇംറാൻ സൈന്യത്തോട് യാചിച്ചു. ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചപ്പോൾ ഇംറാൻ മുൻ പ്രസിഡന്‍റും പി.പി.പി നേതാവുമായ ആസിഫ് അലി സർദാരിയോട് സഹായം തേടിയിരുന്നു -ലാഹോറിൽ പ്രവർത്തക കൺവെൻഷനിൽ മറിയം പറഞ്ഞു.

ഏപ്രിൽ 10ന് ദേശീയ അസംബ്ലിയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതോടെയാണ് ഇംറാൻ അധികാരത്തിൽനിന്ന് പുറത്തായത്. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പാകിസ്താൻ പ്രധാനമന്ത്രിയാണ് ഇംറാൻ ഖാൻ.

Tags:    
News Summary - "Imran Khan Begged Pak Army Till Last Minute": Nawaz Sharif's Daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.