ഇസ്ലാമാബാദ്: തോഷഖാന കേസിൽ മുൻ പാക് പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ) തലവനുമായ ഇംറാൻ ഖാൻ ഇസ്ലാമാബാദ് ജില്ലാ സെഷൻസ് കോടതിയിൽ ചൊവ്വാഴ്ചയും ഹാജരായില്ല. തോഷഖാന കേസിൽ ജാമ്യമില്ലാ വാറന്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞദിവസം ഇംറാൻ നൽകിയ ഹരജി സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുന്നത് നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ അലി ബുഖാരി ഇസ്ലാമബാദ് ഹൈകോടതിയെ സമീപിച്ചിരുന്നു.
വസീറാബാദ് ആക്രമണത്തിൽ പരിക്കേറ്റതിനാൽ പൂർണ ആരോഗ്യവാനല്ലെന്നും അംഗവൈകല്യമുണ്ടെന്നും കോടതിയിൽ ഹാജരായ ഇംറാൻ ഖാന്റെ അഭിഭാഷകൻ ഷേർ അഫ്സൽ മർവത് പറഞ്ഞതായി ദി എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. വാദംകേൾക്കാൻ അടുത്തയാഴ്ച തീയതി അനുവദിക്കണമെന്ന് കോടതിയോട് അഭ്യർഥിച്ച മർവത് ഒന്നോ രണ്ടോ ദിവസത്തിനകം പവർ ഓഫ് അറ്റോണി നൽകുമെന്നും ഖാന്റെ അഭിഭാഷകസംഘം നിലവിൽ ഇസ്ലാമാബാദ് ഹൈകോടതിയിലുണ്ടെന്നും വാദിച്ചു.
അടുത്തയാഴ്ച ജില്ലാ കോടതിയിൽ ഹാജരാകുന്നതാണ് ഇംറാന് എളുപ്പമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, വാദംകേൾക്കൽ മാർച്ച് ഒമ്പതിലേക്ക് മാറ്റിവെക്കണമെന്ന് പാകിസ്താൻ തെരഞ്ഞെടുപ്പ് കമീഷന്റെ അഭിഭാഷകൻ അഭ്യർഥിച്ചു. അതേസമയം, ഇംറാൻ അതേ തീയതിയിൽ ഇസ്ലാമാബാദ് ഹൈകോടതി മുമ്പാകെ ഹാജരാകേണ്ടിവരുമെന്ന് പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് നേതാവ് മൊഹ്സിൻ ഷാനവാസ് രഞ്ജ പറഞ്ഞു.
ജില്ലാ സെഷൻസ് കോടതിയിൽ തുടർച്ചയായി ഹാജരാകാതെ വന്നതോടെയാണു ഫെബ്രുവരി 28ന് ഇസ്ലാമാബാദ് സെഷൻസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വാദംകേൾക്കൽ മാർച്ച് ഏഴിലേക്ക് നീട്ടിവെക്കുകയും ചെയ്തു. മാർച്ച് അഞ്ചിന് സമൻസുമായി പൊലീസ് സംഘം ലാഹോറിലെ വസതിയിൽ എത്തിയെങ്കിലും അദ്ദേഹം പിടികൊടുത്തില്ല.പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലക്കു വിറ്റെന്നും ഇതിന്റെ കണക്കുകൾ മറച്ചുവെച്ച് നികുതി വെട്ടിച്ചെന്നതുമാണു തോഷഖാന കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.