ലാഹോർ: മുൻ പ്രധാനൃമന്ത്രി ഇംറാൻ ഖാന്റെ പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടിയിൽനിന്ന് വിട്ടുപോയവർ പുതിയ പാർട്ടി രൂപവത്കരിക്കുന്നു. സൈന്യത്തിന്റെ പിന്തുണയോടെയുള്ള പാർട്ടി ഒക്ടോബറിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.
ഇംറാൻ ഖാന്റെ അറസ്റ്റിന് പിറകെ മേയ് ഒമ്പതിന് സൈനിക സ്ഥാപനങ്ങൾക്കുനേരെ നടന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് നിരവധി പേർ പാർട്ടിയിൽനിന്ന് പുറത്തുപോയത്. ഖാന്റെ പഴയ സുഹൃത്തും പഞ്ചസാര വ്യവസായിയുമായ ജഹാംഗീർ ഖാൻ തരീനിന്റെ നേതൃത്വത്തിലാണ് പാർട്ടി രൂപവത്കരണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്. പാർട്ടിയിൽനിന്ന് പുറത്തുപോയ നൂറിലധികം നേതാക്കൾ ബുധനാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തു. ഇസ്തേകാമി പാകിസ്താൻ പാർട്ടി (ഐ.പി.പി) എന്ന പേരിലാണ് പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കുന്നതെന്നാണ് സൂചന.
ഇംറാൻ ഖാൻ ഇല്ലാത്ത പുതിയ പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടിയായി ഐ.പി.പി മാറുമെന്ന് മുൻ പി.ടി.ഐ നേതാവ് ഫിർദൗസ് ആഷിഖ് അവാൻ പറഞ്ഞു. ഇംറാൻ ഖാനും പാർട്ടിയും ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് കാരണം അദ്ദേഹം തന്നെയാണെന്നും അവർ പറഞ്ഞു.
സൈന്യത്തിനെതിരെ അദ്ദേഹം നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് കലാപത്തിനു കാരണമായത്. രാഷ്ട്രീയ എതിരാളികളെ വിമർശിക്കേണ്ടതിനുപകരം സൈനിക കേന്ദ്രങ്ങൾക്കെതിരെയാണ് അദ്ദേഹം തിരിഞ്ഞത്. അതിനുള്ള വിലയാണ് ഇന്ന് കൊടുക്കുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.