20 ദിവസത്തിനകം പാർട്ടി തെരഞ്ഞെടുപ്പ് നടത്തണം; നിർദേശത്തിനെതിരെ പി.ടി.ഐ ഹൈകോടതിയിൽ

കറാച്ചി: പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ബാറ്റ് നിലനിർത്തണമെങ്കിൽ 20 ദിവസത്തിനകം ആഭ്യന്തര തെരഞ്ഞെടുപ്പ് നടത്തണമെന്ന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശത്തിനെതിരെ ഇംറാൻ ഖാന്റെ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) സിന്ധ് ഹൈകോടതിയെ സമീപിച്ചു.

പൊതുതെരഞ്ഞെടുപ്പിൽനിന്ന് പാർട്ടിയെ മാറ്റിനിർത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് നിർദേശമെന്ന് ഹരജിയിൽ ആരോപിച്ചു. എല്ലാ പാർട്ടികളോടും തുല്യ നിലപാട് സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിന് ജില്ല റിട്ടേണിങ് ഓഫിസർമാരായി ജുഡീഷ്യൽ ഓഫിസർമാരെ നിയമിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ഫെബ്രുവരി എട്ടിനാണ് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുക.

പി.ടി.ഐയുടെ സിന്ധ് പ്രസിഡന്റ് ഹലീം ആദിൽ ശൈഖ്, വിരമിച്ച ജസ്റ്റിസ് നൂറുൽ ഹഖ് എൻ. ഖുറേഷി എന്നിവരാണ് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചത്. കാബിനറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറി, തെരഞ്ഞെടുപ്പ് കമീഷൻ എന്നിവരെയാണ് എതിർകക്ഷികളായി ചേർത്തിരിക്കുന്നത്.

ഭരണഘടനാനുസൃതമായി പാർട്ടി തെരഞ്ഞെടുപ്പ് നടത്തിയില്ലെന്ന് കാണിച്ച് വ്യാഴാഴ്ചയാണ് 20 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന നിർദേശം കമീഷൻ നൽകിയത്. ഏഴുദിവസത്തിനുള്ളിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Imran Khan’s party approaches court against election commission’s order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.