ഇസ്ലാമാബാദ്: അദിയാല ജയിലിൽ കഴിയുന്ന തന്റെ ഭർത്താവിന് വിഷം നൽകിയേക്കുമെന്നു കാണിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ ഭാര്യ ബുഷ്റ ബീവി ഇസ്ലാമാബാദ് ഹൈകോടതിയിൽ. പദവിയിലിരിക്കെ ലഭിച്ച പാരിതോഷികങ്ങൾ കൈകാര്യം ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് (തോഷഖാന കേസ്) ഇംറാനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജയിലിലടച്ചത്.
പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടി അധ്യക്ഷനാണ് ഇംറാൻ ഖാൻ. ജയിൽ ചട്ടപ്രകാരമുള്ള സൗകര്യങ്ങൾ തന്റെ ഭർത്താവിന് ലഭിക്കുന്നില്ലെന്നും ബുഷ്റ ബീവി ഹരജിയിൽ തുടർന്നു. വീട്ടിൽ പാകം ചെയ്ത ഭക്ഷണം എത്തിക്കാനുള്ള പ്രത്യേക സൗകര്യങ്ങൾ നൽകിയ മുൻ സംഭവങ്ങൾ അവർ ചൂണ്ടിക്കാട്ടി. ഇപ്പോൾ അദ്ദേഹത്തോട് സ്വീകരിക്കുന്നത് മനുഷ്യത്വവിരുദ്ധ നടപടിയാണ്. വിഷയത്തിൽ കോടതി ഇടപെടണം. മുൻ പ്രധാനമന്ത്രിക്ക് മെച്ചപ്പെട്ട ഭക്ഷണം ലഭിക്കാനുള്ള നിർദേശം നൽകണം.
വ്യായാമത്തിനും നടത്തത്തിനുമുള്ള സൗകര്യമൊരുക്കണം -അവർ പറഞ്ഞു.
നേരത്തേ പാർപ്പിച്ച അറ്റോക് ജയിലിൽനിന്ന് തന്നെ മാറ്റരുതെന്ന് ഇംറാൻ ഖാൻ അഭ്യർഥിച്ചെങ്കിലും അത് അവഗണിച്ചാണ് അദ്ദേഹത്തെ അദിയാലയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.