ബശ്ശാർ ഭരണകൂടത്തിന്റെ പതനം ആഘോഷിക്കുന്ന സിറിയൻ യുവാവ്

മരിച്ചാലും മായ്ക്കാനാകാത്ത ഓർമകൾ; സിറിയൻ ജയിലിൽ പേരുപോലുമില്ലാതെ അക്കങ്ങൾ മാത്രമായി കഴിഞ്ഞ തടവുകാർ അനുഭവം പറയുന്നു

ഡമസ്കസ്: 'എനിക്ക് പേരില്ല, 1100 എന്നാണ് വിളിച്ചിരുന്നത്' വർഷങ്ങളോളം സിറിയൻ തടവറയിൽ കഴിഞ്ഞ ഹാല അനുഭവം പങ്കുവെച്ചു. കുറെകാലം നമ്പറുകളാൽ അറിയപ്പെട്ടതു കൊണ്ടാകണം യഥാർഥ പേരു പറയാൻ ഹാല ഇപ്പോഴും ഭയക്കുകയാണ്. സിറിയയിൽ വിമതർ അധികാരം പിടിച്ചതോടെ ഹാലയുൾപ്പെടെ ആയിരക്കണക്കിന് തടവുകാരെയാണ് മോചിപ്പിച്ചത്. 2019ലാണ് ബശ്ശാർ ഭരണകൂടം ഭീകരക്കുറ്റമാരോപിച്ച് ഹാലയെ അറസ്റ്റ് ചെയ്തത്. സർക്കാറിനെ എതിർക്കുന്നവർക്കും ചാർത്തിക്കിട്ടുന്ന മുദ്രയാണാ ഭീകരക്കുറ്റം. അലപ്പോയിലേക്കാണ് ഹാലയെ കൊണ്ടുപോയത്. അതിനു ശേഷം നിരവധി ജയിലുകളിൽ കഴിഞ്ഞു.

സർക്കാറിന്റെ പതനം ഉറപ്പായതോടെ, വിമതസംഘം ജയിലുകളിലെത്തി തടവുകാരെ ഒന്നൊന്നായി മോചിപ്പിക്കുകയായിരുന്നു. ഒരിക്കൽ കൂടി ഭൂമിയിൽ പിറവിയെടുത്ത പ്രതീതിയാണ് ജയിൽ മോചനം യാഥാർഥ്യമായപ്പോൾ ഉണ്ടായതെന്ന് ഹാല പറയുന്നു. 136,614 പേരെയാണ് സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ തടവിലിട്ടത്. ബശ്ശാർ ഭരണകൂടത്തെ സഹായിക്കുന്ന പ്രധാന സ്തംഭങ്ങളിലൊന്നായിരുന്നു സിറിയയിലെ ജയിലുകൾ. കൊടിയ മർദനമുറകളും പട്ടിണിയുമാണ് ജയിലുകളിൽ തടവുകാർ അനുഭവിച്ചത്. മർദനത്തിനൊടുവിൽ ജയിലറക്കുള്ളിൽ 16 കാരി കൊല്ലപ്പെട്ട സംഭവവും ഹാല ഓർത്തെടുത്തു. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് ആ പെൺകുട്ടി ജയിലിലായത്. യൂനിവേഴ്സിറ്റിയിൽ പ്രതിഷേധം നടത്തിയവർക്കൊപ്പമാണ് അവളെയും അറസ്റ്റ് ചെയ്ത്കൊണ്ടുവന്നത്.

ജയിലിലെ ഓർമകൾ ഒരിക്കലും മായ്ച്ചുകളയാൻ പറ്റില്ലെന്ന് 49 വയസുള്ള സാഫി അൽ യാസിൻ പറയുന്നു. അലപ്പോയിലെ ജയിലിൽ നിന്നാണ് സാഫിയെ വിമതർ മോചിപ്പിച്ചത്. താൻ കഴിഞ്ഞ ജയിലിൽ 5000ത്തോളം തടവുകാരുണ്ടായിരുന്നുവെന്നും സാഫി പറഞ്ഞു. ​കൊല്ലപ്പണിക്കാരനായിരുന്നു ഇദ്ദേഹം. 2011ലെ ജനകീയ പ്രക്ഷോഭത്തിൽ പ​ങ്കെടുത്തതിന് 31 വർഷത്തെ തടവിനാണ് ഇദ്ദേഹത്തെ ശിക്ഷിച്ചിരുന്നത്. 13 വർഷമായി ജയിലിൽ കഴിയുന്നു. ​ഇക്കാലയളവിൽ ശാരീരികമായും മാനസികമായും കൊടിയ പീഡനങ്ങൾക്കാണ് വിധേയമായത്. മരണംവരെ അതൊന്നും മനസിൽ നിന്ന് മാഞ്ഞുപോകില്ലെന്നും അദ്ദേഹം പറയുന്നു.

ബശ്ശാറുൽ അസദിന്റെ പതനം ലോകമെമ്പാടുമുള്ള സിറിയക്കാർ ആഘോഷിക്കുകയാണ്. വിമതസേന പിടിച്ചടക്കും മുമ്പ് ബശ്ശാർ സിറിയ വിട്ടിരുന്നു. ബശ്ശാറും കുടുംബവും റഷ്യയിലാണ് അഭയം തേടിയിരിക്കുന്നത്.

2011ലെ പ്രക്ഷോഭത്തെ അതിജീവിച്ച് ഭരണത്തിൽ തുടർന്ന ബശ്ശാറിന് പൊടുന്നനെയുണ്ടായ എച്ച്.ടി.എസ് മുന്നേറ്റത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. നവംബർ 27നാണ് എച്ച്.ടി.എസ് സർക്കാർ സേനക്കെതിരെ അപ്രതീക്ഷിത പോരാട്ടത്തിന് തുടക്കം കുറിച്ചത്. മൂന്നു ദിവസത്തിനകം രാജ്യത്തെ രണ്ടാമത്തെ നഗരമായ അലപ്പോ കീഴടക്കി. കഴിഞ്ഞദിവസം രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹിംസ് കീഴടക്കിയ ശേഷമാണ് പ്രതിപക്ഷ സേന ഡമസ്കസ് ലക്ഷ്യമാക്കി നീങ്ങിയത്. പ്രധാന നഗരങ്ങളിൽനിന്ന് സർക്കാർ സൈന്യം പിൻവാങ്ങിയതോടെ രക്തച്ചൊരിച്ചിലില്ലാതെ ഭരണം പിടിച്ചെടുക്കാനായി. 2018ൽ സർക്കാർ സേന ഡമസ്കസ് നഗരത്തിന്റെ പൂർണ നിയന്ത്രണം വീണ്ടെടുത്തശേഷം ആദ്യമായാണ് പ്രതിപക്ഷ സേന ഇവിടെയെത്തുന്നത്.

Tags:    
News Summary - In Syria freed prisoners recall horrors of the past

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.