യു.എസിൽ ഗർഭസ്ഥ ശിശുവിന് മസ്തിഷ്‍ക ശസ്ത്രക്രിയ; ലോകത്ത് ആദ്യം

വാഷിങ്ടൺ: ലോകത്താദ്യമായി യു.എസിൽ ഗർഭാവസ്ഥയിലുള്ള ശിശുവിന് മസ്തിഷ്‍ക ശസ്ത്രക്രിയ നടത്തി യു.എസ് ഡോക്ടർമാർ ചരിത്രം സൃഷ്ടിച്ചു. ഗർഭസ്ഥശിശുവിന്റെ തലച്ചോറിനുള്ളിലെ രക്തക്കുഴലുകളുടെ തകരാറ് പരിഹരിക്കാനാണ് ശസ്ത്രക്രിയ നടത്തിയത്.

വീനസ് ഓഫ് ഗാലൻ മാൽഫോർമേഷൻ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലും ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലും ആണ് ശസ്ത്രക്രിയ നടന്നത്. കുഞ്ഞിന്റെ തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം വഹിച്ചുകൊണ്ടുപോകുന്ന രക്തക്കുഴലുകൾ ശരിയായി വികസിച്ചിരുന്നില്ല. ഇതുമൂലം സിരകളിലും ഹൃദയത്തിലും രക്തത്തിന്റെ അമിതമായ അളവ് സമ്മർദ്ദമുണ്ടാക്കുകയും മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്തു.

കുഞ്ഞ് ജനിച്ച ശേഷം മസ്തിഷ്‍കത്തിന് പരിക്കുകളും ഹൃദയത്തിന് തകരാറുകളും കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് ബോസ്റ്റൺ ചിൽഡ്രൻ ആശുപത്രിയിലെ ഡോ. ഡാരൻ ഒബ്രാച്ച് പറയുന്നു. രക്തത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ സാധാരണയായി കുഞ്ഞ് ജനിച്ച ശേഷം ചെറിയ കോയിലുകൾ തിരുകാൻ ഒരു കത്തീറ്റർ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. പലപ്പോഴും വൈകിയാണ് കുഞ്ഞുങ്ങൾക്ക് ചികിത്സ ലഭിക്കുക. ഇതിൽ തന്നെ 50,60 ശതമാനം കുഞ്ഞുങ്ങളും പെട്ടെന്ന് തന്നെ രോഗബാധിതരാകും. മരണത്തിലേക്ക് തന്നെ ഈ ആരോഗ്യ ഗുരുതരാവസ്ഥ നയിച്ചേക്കാം.

ഗർഭത്തിന്റെ ആദ്യ മാസങ്ങളിൽ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. പതിവു അൾട്രാസൗണ്ട് പരിശോധനയിലാണ് തലച്ചോറിനുള്ളിലെ രക്തക്കുഴലിന്റെ തകരാറ് മനസിലായത്. ഈ തകരാറുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഹൃദയത്തിനും തലച്ചോറിനും പ്രശ്നങ്ങളുണ്ടാകാറുണ്ട്. കുഞ്ഞുങ്ങൾ മരണപ്പെടാനും സാധ്യത കൂടുതലാണ്. കുഞ്ഞു ഡെൻവറിന്റെ വൈകല്യം സാധാരണയിൽ കവിഞ്ഞ തോതിലായിരുന്നു താനും. അതിനാലാണ് ഗർഭം 34 ആ​ഴ്ചയായപ്പോൾ ഗർഭപാത്രത്തിനുള്ളിൽ വെച്ച് തന്നെ ശസ്ത്രക്രിയ നടത്താൻ ആശുപത്രി അധികൃതർ തയാറായത്. 

Tags:    
News Summary - In World's first, US doctors perform brain surgery on baby still in womb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.