വാഷിങ്ടൺ: ഇന്ത്യയിൽ ഗുരുതര മനുഷ്യാവകാശ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയം. അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം, മത ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം തുടങ്ങി ഡസനിലേറെ മനുഷ്യാവകാശ ലംഘനങ്ങളാണ് യു.എസ് കോൺഗ്രസിലേക്കായി വിദേശകാര്യ വകുപ്പ് തയാറാക്കിയ 'രാജ്യങ്ങളുടെ മനുഷ്യാവകാശ പ്രവൃത്തികൾ 2020' എന്ന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത്.
ബൈഡൻ ഭരണകൂടത്തിെൻറ ആദ്യ മനുഷ്യാവകാശ റിപ്പോർട്ടാണിത്. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ജമ്മു-കശ്മീരിലെ സ്ഥിതി റിപ്പോർട്ടിൽ പ്രത്യേകം എടുത്തുപറയുന്നു. കശ്മീരിൽ സാധാരണ നില തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമം നടത്തുന്നുണ്ട്. അതേസമയം, ചില പൊലീസ്, ജയിൽ ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ കൊലപാതകങ്ങളും അറസ്റ്റും അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ഇന്ത്യയിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങളും തുടരുകയാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
കശ്മീരിൽ സുരക്ഷക്കും ആശയവിനിമയ മാധ്യമങ്ങൾക്കുമുള്ള നിയന്ത്രണങ്ങൾ സർക്കാർ സാവധാനം നീക്കിത്തുടങ്ങിയിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ തടവുകാരെ ഇതിനകം മോചിപ്പിച്ചു. ഇൻറർനെറ്റ് സൗകര്യം ഭാഗികമായി പുനഃസ്ഥാപിച്ചു. അതേസമയം, 4ജി സൗകര്യങ്ങൾ കശ്മീരിലെ മിക്ക ഭാഗങ്ങളിലും ലഭ്യമല്ല. നിയമസഭ തെരഞ്ഞെടുപ്പ് നടത്താനായി മണ്ഡലങ്ങളുടെ രൂപവത്കരണം ആരംഭിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് എന്ന് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഭരണത്തിെൻറ എല്ലാ മേഖലകളേയും അഴിമതി ഗ്രസിച്ചതായി പറയുന്ന റിപ്പോർട്ട് രാഷ്്ട്രീയ പങ്കാളിത്തങ്ങൾക്കും എൻ.ജി.ഒകൾക്കും കടുത്ത നിയന്ത്രണങ്ങളാണ് ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആരോപിക്കുന്നു. സ്തീകൾക്കെതിരായ അതിക്രമങ്ങളിൽ അന്വേഷണം നടക്കുന്നില്ല. മത സ്വാതന്ത്ര്യം ലംഘിക്കുന്നതിനോട് സർക്കാർ സഹിഷ്ണുത പുലർത്തുന്നു. മത ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനവും അതിക്രമങ്ങളും വർധിക്കുകയാണ്. നിർബന്ധ ബാലവേല, അടിമവേല എന്നിവ നടക്കുന്നുണ്ടെന്നും യു.എസ് വിദേശകാര്യ വകുപ്പിെൻറ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സർക്കാറിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരേയും അഭിഭാഷകരേയും സമൂഹ മാധ്യമ ആക്ടിവിസ്റ്റുകളേയും പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് അഡ്വ. പ്രശാന്ത് ഭൂഷണ് എതിരായ കോതിയലക്ഷ്യ കേസും 'ദ വയർ' എഡിറ്റർ സിദ്ധാർഥ വരദരാജിനെതിരായ പരാതിയും പ്രേത്യകം പരാമർശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.