​'ഇന്ത്യയുമായുള്ള ബന്ധം ദൃഢം'; ശൈഖ് ഹസീനയുടെ പ്രതികരണങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണം -മുഹമ്മദ് യുനുസ്

ധാക്ക: ഇന്ത്യയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധത്തിൽ ഒരു വിള്ളലും ഉണ്ടായിട്ടില്ലെന്ന് ഇടക്കാല സർക്കാറിന്റെ മുതിർന്ന ഉപദേഷ്ടാവ് മുഹമ്മദ് യുനുസ്. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുമായി ബംഗ്ലാദേശിന് അടുത്ത ബന്ധമാണ് ഉള്ളതെന്നും ഇത് ദൃഢമാണെന്നും യുനുസ് പറഞ്ഞു.

ശൈഖ് ഹസീന അധികാരത്തിൽ നിന്നും പുറത്ത് പോയതിന് ശേഷം ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ വലിയ രീതിയിൽ ആക്രമിക്കപ്പെടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് യുനുസിന്റെ പ്രസ്താവന. ഇന്ത്യയിൽ അഭയം തേടിയ ​ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ശൈഖ് ഹസീനയുടെ പ്രസ്താവനകളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശൈഖ് ഹസീനയുടെ പ്രസ്താവനകളിൽ ബംഗ്ലാദേശിലെ ജനങ്ങൾക്ക് ആശങ്കയുണ്ട്. എല്ലാ പൗരൻമാരേയും സംരക്ഷിക്കാൻ ബംഗ്ലാദേശിലെ ഇടക്കാലസർക്കാർ പ്രതിജ്ഞാബദ്ധമാണ്.

വംശമോ നിറമോ ലിംഗമോ നോക്കാതെ ബംഗ്ലാദേശിലെ ജനങ്ങളെ സംരക്ഷിക്കും. ഞങ്ങൾ ഒരു കുടുംബം പോലെയാണ്. ഒരുമിച്ച് നിന്ന് ബംഗ്ലാദേശിലെ ജനങ്ങളെല്ലാം പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഉന്നതതല നയ​തന്ത്രയോഗം നടക്കുന്നത്. ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് യോഗമെന്നതും ശ്രദ്ധേയമാണ്.

Tags:    
News Summary - India ties solid, Hasina's remarks raise tensions: Yunus to Foreign Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.