കോവിഡിനെ പേടിച്ച്​​ മൂന്നുമാസം വിമാനത്താവളത്തിൽ ഒളിച്ചുതാമസിച്ചു;​ ഇന്ത്യൻ വംശജൻ പിടിയിൽ

ലോസ്​ആഞ്ചൽസ്​: കോവിഡിനെ പേടിച്ച്​ ഇന്ത്യൻ വംശജൻ ചിക്കാഗോ വിമാനത്താവളത്തിൽ മൂന്നുമാസത്തോളം ഒളിച്ചുതാമസിച്ചു. 36 കാരനായ ആദിത്യ സിങ്​ ആണ്​ ചിക്കാഗോയിലെ ഒ ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷിത പ്രദേശത്ത് താമസിച്ചത്​. ശനിയാഴ്​ച്ച ഇയാൾ പിടിയിലായതായി ഷിക്കാഗോ ട്രൈബ്യൂണൽ റിപ്പോർട്ട്​ ചെയ്​തു. അമേരിക്കയിലെ കാലിഫോർണിയയിലെ ലോസ് ആഞ്ചൽസിലാണ് ആദിത്യ സിങ്​ താമസിച്ചിരുന്നത്. വിമാനത്താവളത്തിൽ യാത്രക്കാർക്ക്​ നിയന്ത്രണമുള്ള പ്രദേശത്ത് അതിക്രമിച്ച്​ കയറിയതിനും മോഷണം നടത്തിയതിനും സിങിനെതിരെ കേസെടുത്തിട്ടുണ്ട്.


ഒക്ടോബർ 19ന് ലോസ് ആഞ്ചൽസിൽ നിന്ന് വിമാനത്തിൽ ഓ ഹെയറിലെത്തിയതായും സുരക്ഷാ മേഖലയിൽ താമസിച്ചുവെന്നുമാണ്​ പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചത്​. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുനൈറ്റഡ് എയർലൈൻസ് ഉദ്യോഗസ്ഥർ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിങ്​ പിടിയിലായത്. ആദിത്യ സിങ്ങിന്‍റെ കയ്യിലുണ്ടായിരുന്ന രേഖ വിമാനത്താവളത്തിലെ ഓപ്പറേഷൻ മാനേജരുടേതാണെന്നും അത്​ മോഷ്​ടിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്​. കോവിഡ് കാരണം ഇയാൾ വീട്ടിലേക്ക് പോകാൻ ഭയപ്പെട്ടതായി അസിസ്റ്റന്‍റ്​ സ്റ്റേറ്റ് അറ്റോർണി കാത്‌ലീൻ ഹാഗെർട്ടി പറഞ്ഞു.


മറ്റ് യാത്രക്കാരിൽ നിന്നും വിമാനത്താവളത്തിലെ ഷോപ്പുകളിൽ നിന്നും മോഷ്​ടിച്ച ഭക്ഷണമാണ്​ സിങ്​ കഴിച്ചിരുന്നത്​. ലോസ് ഏഞ്ചൽസിന്‍റെ പ്രാന്തപ്രദേശമായ ഓറഞ്ചിൽ റൂംമേറ്റ്സിനൊപ്പം താമസിക്കുന്ന സിങിന് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് അസിസ്റ്റന്‍റ്​ പബ്ലിക് ഡിഫെൻഡർ കോർട്ട്നി സ്മോൾവുഡ് കോടതിയിൽ വെളിപ്പെടുത്തി.ഹോസ്​പിറ്റാലിറ്റിയിൽ ബിരുദാനന്തര ബിരുദമുള്ള സിങ്​ തൊഴിലില്ലാത്തയാളാണെന്നും അവർ പറഞ്ഞു.

സംഭവത്തെകുറിച്ച്​ അന്വേഷിക്കുന്നുണ്ടെന്നും ഇയാൾ എന്തിനാണ്​ ഷിക്കാഗോയിലേക്ക്​ വന്നതെന്ന്​ അറിയില്ലെന്നും വിമാനത്താവളത്തിനോ യാത്രക്കാർക്കോ പൊതുജനങ്ങൾക്കോ സുരക്ഷാ ഭീഷണി ഉണ്ടാക്കിയിട്ടില്ലെന്നും വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ചിക്കാഗോ ഡിപ്പാർട്ട്മെന്‍റ്​ പ്രസ്താവനയിൽ പറഞ്ഞു. 23,937,000 അണുബാധകളും 397,000 മരണങ്ങളുമുള്ള ലോകത്ത്​ ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച രാജ്യമാണ് യുഎസ്. അതിൽതന്നെ ഷിക്കാഗോ ഏറെ മുന്നിലുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.