കോവിഡിനെ പേടിച്ച് മൂന്നുമാസം വിമാനത്താവളത്തിൽ ഒളിച്ചുതാമസിച്ചു; ഇന്ത്യൻ വംശജൻ പിടിയിൽ
text_fieldsലോസ്ആഞ്ചൽസ്: കോവിഡിനെ പേടിച്ച് ഇന്ത്യൻ വംശജൻ ചിക്കാഗോ വിമാനത്താവളത്തിൽ മൂന്നുമാസത്തോളം ഒളിച്ചുതാമസിച്ചു. 36 കാരനായ ആദിത്യ സിങ് ആണ് ചിക്കാഗോയിലെ ഒ ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷിത പ്രദേശത്ത് താമസിച്ചത്. ശനിയാഴ്ച്ച ഇയാൾ പിടിയിലായതായി ഷിക്കാഗോ ട്രൈബ്യൂണൽ റിപ്പോർട്ട് ചെയ്തു. അമേരിക്കയിലെ കാലിഫോർണിയയിലെ ലോസ് ആഞ്ചൽസിലാണ് ആദിത്യ സിങ് താമസിച്ചിരുന്നത്. വിമാനത്താവളത്തിൽ യാത്രക്കാർക്ക് നിയന്ത്രണമുള്ള പ്രദേശത്ത് അതിക്രമിച്ച് കയറിയതിനും മോഷണം നടത്തിയതിനും സിങിനെതിരെ കേസെടുത്തിട്ടുണ്ട്.
ഒക്ടോബർ 19ന് ലോസ് ആഞ്ചൽസിൽ നിന്ന് വിമാനത്തിൽ ഓ ഹെയറിലെത്തിയതായും സുരക്ഷാ മേഖലയിൽ താമസിച്ചുവെന്നുമാണ് പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുനൈറ്റഡ് എയർലൈൻസ് ഉദ്യോഗസ്ഥർ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിങ് പിടിയിലായത്. ആദിത്യ സിങ്ങിന്‍റെ കയ്യിലുണ്ടായിരുന്ന രേഖ വിമാനത്താവളത്തിലെ ഓപ്പറേഷൻ മാനേജരുടേതാണെന്നും അത് മോഷ്ടിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്. കോവിഡ് കാരണം ഇയാൾ വീട്ടിലേക്ക് പോകാൻ ഭയപ്പെട്ടതായി അസിസ്റ്റന്‍റ് സ്റ്റേറ്റ് അറ്റോർണി കാത്‌ലീൻ ഹാഗെർട്ടി പറഞ്ഞു.
മറ്റ് യാത്രക്കാരിൽ നിന്നും വിമാനത്താവളത്തിലെ ഷോപ്പുകളിൽ നിന്നും മോഷ്ടിച്ച ഭക്ഷണമാണ് സിങ് കഴിച്ചിരുന്നത്. ലോസ് ഏഞ്ചൽസിന്‍റെ പ്രാന്തപ്രദേശമായ ഓറഞ്ചിൽ റൂംമേറ്റ്സിനൊപ്പം താമസിക്കുന്ന സിങിന് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് അസിസ്റ്റന്‍റ് പബ്ലിക് ഡിഫെൻഡർ കോർട്ട്നി സ്മോൾവുഡ് കോടതിയിൽ വെളിപ്പെടുത്തി.ഹോസ്പിറ്റാലിറ്റിയിൽ ബിരുദാനന്തര ബിരുദമുള്ള സിങ് തൊഴിലില്ലാത്തയാളാണെന്നും അവർ പറഞ്ഞു.
സംഭവത്തെകുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഇയാൾ എന്തിനാണ് ഷിക്കാഗോയിലേക്ക് വന്നതെന്ന് അറിയില്ലെന്നും വിമാനത്താവളത്തിനോ യാത്രക്കാർക്കോ പൊതുജനങ്ങൾക്കോ സുരക്ഷാ ഭീഷണി ഉണ്ടാക്കിയിട്ടില്ലെന്നും വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ചിക്കാഗോ ഡിപ്പാർട്ട്മെന്‍റ് പ്രസ്താവനയിൽ പറഞ്ഞു. 23,937,000 അണുബാധകളും 397,000 മരണങ്ങളുമുള്ള ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച രാജ്യമാണ് യുഎസ്. അതിൽതന്നെ ഷിക്കാഗോ ഏറെ മുന്നിലുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.