കൊളംബോ: ശ്രീലങ്കയിലെ ചില രാഷ്ട്രീയക്കാരും കുടുംബവും ഇന്ത്യയിൽ അഭയം തേടിയെന്ന വാർത്ത കൊളംബോയിലെ ഇന്ത്യൻ ഹൈകമീഷൻ തള്ളികളഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം വാർത്തകൾ കയമ്പില്ലാത്തതാണെന്ന് കമീഷൻ പറഞ്ഞു.
"ശ്രീലങ്കയിലെ ചില രാഷ്ട്രീയ നേതാക്കളും അവരുടെ കുടുംബവും ഇന്ത്യയിലേക്ക് പാലായനം ചെയ്തിട്ടുണ്ടെന്ന തരത്തിൽ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും കള്ള പ്രചരണങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് വസ്തുത വിരുദ്ധമാണ്. ഹൈകമീഷൻ ഇത്തരം വാർത്തകൾ ശക്തമായി നിഷേധിക്കുന്നു"- ഇന്ത്യൻ ഹൈകമീഷൻ ട്വീറ്റ് ചെയ്തു.
ശ്രീലങ്കയിലെ ജനാധിപത്യത്തിനും സ്ഥിരതക്കും സാമ്പത്തിക വീണ്ടെടുപ്പിനും പൂർണ പിന്തുണ നൽകുമെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അയൽ രാജ്യമെന്ന നിലയിൽ ശ്രീലങ്കക്ക് ഇന്ത്യയുടെ എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ശ്രീലങ്കൻ ജനങ്ങൾക്ക് വേണ്ടി ഈ വർഷം മാത്രം ഇന്ത്യ 3.5 ബില്യൺ ഡോളറിന്‍റെ സഹായം നൽകിയതായി ബാഗ്ചി പറഞ്ഞു. ഭക്ഷണം, മരുന്ന് തുടങ്ങി അവശ്യ വസ്തുക്കളുടെ ക്ഷാമം ലഘൂകരിക്കുന്നതിന് ഇന്ത്യയിലെ ജനങ്ങളും സഹായം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണക്ഷിയിലെ നേതാക്കൻമാരുടെയും പ്രസിഡന്‍റ് ഗോടബയ രാജപക്സെയുടെ കുടുംബാംഗങ്ങളുടെയും വീടുകൾ കത്തിക്കുന്നതുൾപ്പടെയുള്ള ആക്രമങ്ങൾ വർധിച്ചതോടെ വ്യക്തിപരമായ ദ്രോഹമുണ്ടാക്കുന്നതോ മറ്റുള്ളവരുടെ സ്വത്തുക്കൾ നശിപ്പിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യുന്നവർക്ക് നേരെ വെടിയുതിർക്കാൻ പ്രതിരോധ മന്ത്രാലയം സേനക്ക് അധികാരം നൽകി. സ്ഥിതിഗതികൾ രൂക്ഷമായതോടെ കർഫ്യൂ വ്യാഴാഴ്ച വരെ നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.