മെൽബൺ: ഹരിയാന കർണാൽ സ്വദേശിയായ വിദ്യാർഥി ആസ്ട്രേലിയയിലെ മെൽബണിൽ സംഘർഷത്തിനിടെ കുത്തേറ്റ് മരിച്ചു. എം.ടെക് വിദ്യാർഥിയായ നവ്ജീത് സന്ധു (22) ആണ് മരിച്ചത്. പ്രതികളെന്ന് സംശയിക്കുന്ന കർണാൽ സ്വദേശികളായ സഹോദരങ്ങൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. മറ്റൊരു വീട്ടിൽ താമസിച്ചിരുന്ന നവ്ജീതിന്റെ സുഹൃത്തിനെ അവിടെനിന്ന് പുറത്താക്കിയതാണ് സംഘർഷത്തിന് തുടക്കമിട്ടത്. സാധനങ്ങൾ മാറ്റാൻ കൂടെ താമസിച്ചിരുന്നവർ ആവശ്യപ്പെട്ടതനുസരിച്ച് നവ്ജീതിനെയും കൂട്ടി സുഹൃത്ത് വീട്ടിലെത്തി.
അകത്തുകടന്ന സുഹൃത്തുമായി വാക്കുതർക്കം കേട്ട നവ്ജീത് പ്രശ്നത്തിൽ ഇടപെട്ടതോടെ നെഞ്ചിൽ കുത്തേൽക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കർഷക കുടുംബാംഗമായ നവ്ജീത് ഒന്നരവർഷം മുമ്പാണ് വിദ്യാർഥി വിസയിൽ ആസ്ട്രേലിയയിലെത്തിയത്. ജൂലൈയിൽ അവധിക്ക് നാട്ടിലെത്താനിരിക്കെയാണ് മരണം. മൃതദേഹം നാട്ടിലെത്തിക്കാൻ പിതാവ് സർക്കാർ സഹായം തേടിയിട്ടുണ്ട്. നവ്ജീതിനെ കുത്തിയശേഷം മോഷ്ടിച്ച കാറിൽ കടന്ന, പ്രതികളെന്ന് സംശയിക്കുന്ന അഭിജിത്, റോബിൻ എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.