ന്യൂഡൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെച്ചൊല്ലി റഷ്യയും യുക്രൈനും തമ്മിൽ കടുത്ത വാക്പോര്. ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ മനുഷ്യകവചമാക്കിയെന്ന റഷ്യയുടെ ആരോപണത്തിനെതിരെ ഇന്ത്യയും രംഗത്ത്. ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ സേന ബന്ദികളാക്കിയിരിക്കുകയാണെന്നും അവരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നുമാണ് ഇന്ത്യയിലെ റഷ്യൻ എംബസി ആരോപിച്ചത്.
ഇന്ത്യക്കാർ യുക്രെയ്ൻ വിടുന്നത് എല്ലാ മാർഗങ്ങളുമുപയോഗിച്ച് യുക്രെയ്ൻ തടയുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി. ഇന്ത്യക്കാരുടെ എല്ലാ ഉത്തരവാദിത്തവും യുക്രെയ്നായിരിക്കുമെന്ന മുന്നറിയിപ്പും റഷ്യ നൽകി. എന്നാൽ, ഇതിന് അതേ നാണയത്തിൽ യുക്രെയ്ൻ തിരിച്ചടിച്ചു. ഖാർകിവിലും സുമിയിലും റഷ്യ ആക്രമണം നിർത്താൻ യുക്രെയ്ൻ ആവശ്യപ്പെട്ടു.
എന്നാൽ, മാത്രമേ സുരക്ഷിത നഗരങ്ങളിലേക്ക് വിദ്യാർഥികൾ അടക്കമുള്ള വിദേശികളെ മാറ്റാനാകുകയെന്നും ബോംബ് വർഷത്തിനും മിസൈലാക്രമണത്തിനും ഇടയിലൂടെ ഒഴിപ്പിക്കാൻ നോക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും യുക്രെയ്ൻ വിദേശ മന്ത്രാലയം വ്യക്തമാക്കി. ഖാർകിവിലും സുമിയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യ, പാകിസ്താൻ, ചൈന അടക്കം രാജ്യങ്ങളിലെ വിദ്യാർഥികളെ രക്ഷിക്കാൻ ജീവകാരുണ്യ ഇടനാഴി ഒരുക്കാൻ റഷ്യയോട് ആവശ്യപ്പെടണമെന്നും യുക്രെയ്ൻ അഭ്യർഥിച്ചു.
ഇന്ത്യൻ വിദ്യാർഥികളെ മനുഷ്യകവചങ്ങളാക്കുന്നുവെന്ന റഷ്യൻ ആരോപണം കേന്ദ്ര വിദേശ മന്ത്രാലയം തള്ളി. യുക്രെയ്ൻ അധികൃതരുടെ സഹകരണത്തോടെയാണ് ഖാർകിവിൽനിന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചതെന്നും വിദ്യാർഥികളെ ബന്ദികളാക്കിയിട്ടില്ലെന്നും പ്രസ്താവനയിൽ ഇന്ത്യ വ്യക്തമാക്കി. യുക്രെയ്ൻ അധികൃതരാണ് പടിഞ്ഞാറൻ അതിർത്തിയിലേക്കും മറ്റു സുരക്ഷിത ഭാഗങ്ങളിലേക്കും ട്രെയിനുകൾ ഒരുക്കിത്തന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. റഷ്യ, പോളണ്ട്, റുമേനിയ, സ്ലൊവാക്യ, ഹംഗറി, മൾഡോവ എന്നീ രാജ്യങ്ങളുമായി ഫലപ്രദമായി ഏകോപനം നടത്തിയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. യുക്രെയ്നോടും മറ്റു പടിഞ്ഞാറൻ രാജ്യങ്ങളോടും അതിന് പ്രത്യേകം നന്ദി പറയുകയാണെന്നും ഇന്ത്യ കൂട്ടിച്ചേർത്തു.
റഷ്യൻ അധിനിവേശത്തിനെതിരായ പ്രമേയങ്ങളിൽനിന്ന് വിട്ടുനിന്നതിന് റഷ്യയുടെ അഭിനന്ദനവും പ്രശംസയും പിടിച്ചുപറ്റിയതിനിടയിലാണ് അവരുടെ അവകാശ വാദം തള്ളിക്കൊണ്ടുള്ള ഇന്ത്യയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.