കാനഡയിലുള്ള ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: കാനഡയിലുള്ള പൗരൻമാർക്ക് മുന്നറിയിപ്പുമായി ഇന്ത്യ. വിദേശകാര്യമന്ത്രാലയമാണ് മുന്നറിയിപ്പ് പുറത്തിറക്കിയത്. കാനഡയിലെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടേയും വിദ്വേഷ കുറ്റകൃത്യങ്ങളുടേയും പശ്ചാത്തലത്തിൽ കടുത്ത ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.

സമാനമായ മുന്നറിയിപ്പ് കാനഡയും നൽകിയിരുന്നു. ഇന്ത്യയിലേക്കുള്ള യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നായിരുന്നു കാനഡയുടെ മുന്നറിയിപ്പ്. ഇന്ത്യയിൽ താമസിക്കുന്ന കനേഡിയൻ പൗരൻമാർ ജാഗ്രത പാലിക്കണമെന്നും കാനഡയുടെ മുന്നറിയിപ്പുണ്ട്.

ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. പ്രസ്താവനക്ക് പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധം വഷളായിരുന്നു. രണ്ടു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. ട്രൂഡോയുടെ ആരോപണങ്ങൾ ദുരുപദിഷ്ടവും അസംബന്ധവുമായി ഇന്ത്യ തള്ളി.

നിരോധിത ഖലിസ്ഥാൻ സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവിയും ഇന്ത്യ 10 ലക്ഷംരൂപ തലക്ക് വിലയിട്ട കൊടുംഭീകരനുമായ ഹർദീപ് സിങ് നിജ്ജാർ (45) കഴിഞ്ഞ ജൂൺ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് കൊല്ലപ്പെട്ടത്.

സർറിയിലെ ഗുരു നാനാക് ഗുരുദ്വാരയുടെ പാർക്കിങ്ങിൽ സ്വന്തം പിക്കപ് വാനിൽ ​വെടിയുണ്ടയേറ്റ് അതിഗുരുതരാവസ്ഥയി​ൽ കണ്ട നിജ്ജാർ പിന്നീട് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞെങ്കിലും മൂന്നു മാസമായി ആരെയും പിടികൂടാനായിരുന്നില്ല. ഗുരുദ്വാരയുടെ പ്രസിഡന്റ് കൂടിയായിരുന്ന നിജ്ജാർ കാനഡയിലെ പ്രമുഖ ഖലിസ്ഥാൻ നേതാവ് കൂടിയായിരുന്നു.

കുറ്റവാളികൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി ട്രൂഡോ ഇന്ത്യക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. ഇന്ത്യൻ സർക്കാറിന്റെ ഏജന്റുമാരാണ് കൃത്യം നടത്തിയതെന്നായിരുന്നു കുറ്റപ്പെടുത്തൽ. ഇതിനു പിന്നാലെ രാജ്യത്തെ മുതിർന്ന ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കുകയും​ ചെയ്തു.

നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച ഇന്ത്യ ട്രൂഡോയുടെയും കാനഡ വിദേശകാര്യ മന്ത്രിയുടെയും പ്രതികരണങ്ങൾ അസംബന്ധമാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും കുറ്റപ്പെടുത്തി.

Tags:    
News Summary - India's advisory for citizens and students in Canada as diplomatic row deepens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.