കെയ്റോ: ഇസ്രായേൽ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഗസ്സയിലെ കുരുന്നുകൾക്ക് സഹായഹസ്തവുമായി ഇറ്റലി. പരിക്കേറ്റ കുട്ടികളെയും മുതിർന്നവരെയും ഗസ്സയിൽനിന്ന് കെയ്റോയിലെത്തിച്ച് വ്യോമ സേന വിമാനത്തിൽ ചികിത്സയ്ക്കായി റോമിലേക്ക് കൊണ്ടുപോയി.
ഇറ്റാലിയൻ വ്യോമസേനയുടെ C130 വിമാനത്തിലാണ് ഇന്നലെ ഇറ്റലിയിലെ റോമിലെ സിയാംപിനോ സൈനിക വിമാനത്താവളത്തിൽ എത്തിച്ചത്. ഗുരുതര രോഗികളും ആക്രമണത്തിൽ സാരമായി പരിക്കേറ്റവരോ ആയ ഫലസ്തീനികൾക്കൊപ്പം കൂട്ടിരിപ്പുകാരായി പതിനഞ്ചോളം കുടുംബാംഗങ്ങളെയും കൊണ്ടുപോയിട്ടുണ്ട്. ഇറ്റലി വിദേശകാര്യ മന്ത്രാലയത്തിന്റെ മെഡിക്കൽ സംഘവും സൈനിക ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
ഗസ്സയിൽ നിന്ന് ഈജിപ്തിലെത്തിച്ച രോഗികളെ ആദ്യം കെയ്‌റോയിലെ ഇറ്റാലിയൻ ഉംബർട്ടോ I ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് ഇറ്റാലിയൻ എയർഫോഴ്‌സ് സി 130 വിമാനത്തിൽ കയറ്റുന്നതിനായി വിമാനത്താവളത്തിലേക്ക് മാറ്റി.
ഗസ്സയിൽ നിന്നുള്ള 100 പേർക്ക് വിദഗ്ധ ചികിത്സ നൽകാനാണ് ഇറ്റലിയുടെ തീരുമാനം. 10 കുട്ടികളും യുവാക്കളും കുടുംബാംഗങ്ങളും അടങ്ങുന്നതാണ് ഇന്നലെ പുറപ്പെട്ട സംഘത്തിലുള്ളത്. റോം ക്രൈസിസ് യൂണിറ്റ് മേധാവി നിക്കോള മെനാസിയുടെ നേതൃത്വത്തിലുള്ള സംഘം ഈജിപ്തിലെ ഇറ്റാലിയൻ അംബാസഡർ മിഷേൽ ക്വാറോണിയോടൊപ്പം കെയ്‌റോയിലെ ഇറ്റാലിയൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.