കടയിലെ മോഷണത്തെ കുറിച്ച് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന് ഓടിയെത്തി പ്രതികളെ കൈയാമം വെച്ച് കൊണ്ടുപോകുന്നതിന്പകരം സ്വന്തമായി പണംമുടക്കി അവർക്ക് കൈനിറയെ വിഭവങ്ങൾ വാങ്ങിനൽകി വീട്ടിലേക്ക്വിട്ട മാറ്റ് ലിമയെന്ന പൊലീസുകാരനാണിപ്പോൾ അമേരിക്കയുടെ ഹീറോ. പട്ടിണിയും അരവയറും മോഷണത്തിന് നിർബന്ധിച്ചെന്ന് തിരിച്ചറിഞ്ഞതോടെ ശരിക്കും ചെയ്യേണ്ടത് അറസ്റ്റല്ലെന്ന് തിരിച്ചറിഞ്ഞായിരുന്നു മസച്ചുസെറ്റ്സിലെ സോമർസെറ്റ് പൊലീസ് വിഭാഗം ഓഫീസറായ ലിമയുടെ മനുഷ്യത്വം തുളുമ്പിയ നടപടി.
സോമർസെറ്റിലെ പ്രാദേശിക സൂപർമാർക്കറ്റിലായിരുന്നു സംഭവം. കുട്ടികളുമായി എത്തിയ രണ്ടു യുവതികളായിരുന്നു 'പ്രതികൾ'. പണം ഒടുക്കുന്നിടത്തെത്തിയപ്പോൾ വാങ്ങിയ വസ്തുവകകളിൽ പലതും ഇവർ മുക്കിയെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി. ഉടൻ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥൻ ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് തൊഴിലില്ലാത്തവരാണെന്നും ക്രിസ്മസ് കാലത്ത് വറുതിയാണെന്നും തിരിച്ചറിഞ്ഞത്. മക്കൾക്ക് ക്രിസ്മസ് ഭക്ഷണമാണ് എടുത്തത് എന്നുകൂടി ഇരുവരും പറഞ്ഞതോടെ ഹൃദയം നുറുങ്ങിയ ലിമ പിന്നെയൊന്നും നോക്കിയില്ല- അവർക്ക് ആവശ്യമായ മറ്റു വസ്തുക്കൾ കൂടി വാങ്ങാൻ 250 ഡോളറിെൻറ ഗിഫ്റ്റ് കാർഡും നൽകി.
വാർത്ത പുറത്തെത്തിയതോടെ വൈറലാകാൻ പിന്നെ ഏറെ വേണ്ടിവന്നില്ല.
അമേരിക്കയിൽ മാത്രമല്ല, ലോകം മുഴുക്കെ മാറ്റ് ലിമയുടെ പേരിന് ഇരട്ടി മധുരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.