തെഹ്റാൻ: പ്രസിഡന്‍റ് ഇബ്രാഹിം റഈസിയും വിദേശകാര്യമന്ത്രിയും അടക്കം പ്രമുഖർ കൊല്ലപ്പെട്ട ഹോലികോപ്ടർ അപകടത്തെക്കുറിച്ച് ഇറാൻ അന്വേഷണം ആരംഭിച്ചു. ഇറാനിയൻ സായുധ സേനാ മേധാവി മേജർ ജനറൽ മുഹമ്മദ് ബഗേരി ഉന്നത പ്രതിനിധി സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.
ബ്രിഗേഡിയർ അലി അബ്ദുല്ലാഹിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സംഭവസ്ഥലത്തേക്ക് അയക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ ഇറാനെ സഹായിക്കാൻ മോസ്കോ തയ്യാറാണെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു പറഞ്ഞു.
ഇറാനും ഇസ്രായേലും തമ്മിൽ സംഘർഷാവസ്ഥയുള്ള രാഷ്ട്രീയ പശ്ചാത്തലവും ഇസ്രായേലും അസർബൈജാനും തമ്മിലുള്ള ബന്ധവും ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ ഹെലികോപ്ടർ അപകടം അസ്വാഭാവികമാണെന്ന ചർച്ച ഉയർന്നുകഴിഞ്ഞിട്ടുണ്ട്. ഇസ്രായേലിന്റെ ചാരസംഘടന മൊസാദിന് പങ്കുണ്ടെന്ന് സംശയിക്കാൻ കാരണങ്ങളുണ്ടെന്ന് യൂറോപ്യൻ പാർലമെന്റ് മുൻ അംഗം നിക്ക് ഗ്രിഫിൻ എക്സിൽ കുറിച്ചു. എന്നാൽ, അപകടത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇസ്രായേൽ അനൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസിഡന്‍റ് അടക്കം സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ നിയന്ത്രണ സംവിധാനം തകരാറിലായിരുന്നു എന്നതാണ് ലഭ്യമായ വിവരങ്ങൾ നൽകുന്ന സൂചനയെന്ന് ഈ രംഗത്തെ വിദഗ്ധനായ കെയ്ൽ ബെയ്ലിയെ ഉദ്ധരിച്ച് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ടാകാം അപായ സന്ദേശം പോലും കൈമാറാൻ പൈലറ്റിന് സാധിക്കാതിരുന്നതെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.