റഷ്യ-ചൈന സഖ്യത്തിൽ ഇനി ഇറാനും; ധാരണാപത്രത്തിൽ ഒപ്പുവച്ച് റഈസി

തെഹ്റാൻ: റഷ്യയും ചൈനയും നേതൃത്വം നൽകുന്ന രാഷ്ട്രീയ-സാമ്പത്തിക സഹകരണ സഖ്യത്തിൽ സ്ഥിരാംഗമായി ഇറാനും ഉണ്ടാകും. ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷനിലാണ്(എസ്.സി.ഒ) ഇറാൻ സ്ഥിരാംഗത്വം നേടിയത്. ഉസ്‌ബെകിസ്താനിലെ സമർഖന്തിൽ നടന്ന ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി ധാരണാപത്രത്തിൽ ഒപ്പുവച്ചു.

എസ്.സി.ഒയിൽ പൂർണ അംഗമായതോടെ സാമ്പത്തിക, വാണിജ്യ, ഗതാഗത, ഊർജ സഹകരണത്തിന്റെ പുതിയ ഘട്ടത്തിലേക്കാണ് കടന്നിരിക്കുന്നതെന്ന് ഇറാൻ പറഞ്ഞു. സമർഖന്തിൽ എസ്.ഇ.ഒ അംഗരാജ്യങ്ങളുടെ ഉച്ചകോടി പുരോഗമിക്കുകയാണ്. ചർച്ചയിൽ പങ്കെടുക്കാനായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്‌ബെകിസ്താനിലേക്ക് തിരിച്ചിട്ടുണ്ട്.

യു.എസ് ആധിപത്യത്തിനു ബദലായി 2001ൽ റഷ്യയും ചൈനയും ചേർന്ന് രൂപം നൽകിയതാണ് ഷാങ്ഹായി കോ ഓപറേഷൻ ഓർഗനൈസേഷൻ. ചൈന, റഷ്യ, ഇന്ത്യ, കസാഖിസ്താൻ, കിർഗിസ്താൻ, പാകിസ്താൻ, താജികിസ്താൻ, ഉസ്‌ബെകിസ്താൻ എന്നീ രാജ്യങ്ങളായിരുന്നു ഇതുവരെ സംഘടനയിൽ സ്ഥിരാംഗങ്ങളായി ഉണ്ടായിരുന്നത്. ഇറാൻ, അഫ്ഗാനിസ്താൻ, ബെലറൂസ്, മംഗോളിയ എന്നിവ നിരീക്ഷക രാജ്യങ്ങളും അർമീനിയ, അസർബൈജാൻ, കംബോഡിയ, നേപ്പാൾ, ശ്രീലങ്ക, തുർക്കി സംവാദ പങ്കാളികളുമാണ്.

യു.എസ് അടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ ഉപരോധം മറികടക്കാനുള്ള മാർഗമായി കൂടിയാണ് ഇറാൻ എസ്.സി.ഒയിൽ സ്ഥിരാംഗത്വത്തിനായി അപേക്ഷിച്ചത്. യു.എസ് ഉപരോധിച്ച ഇറാൻ, റഷ്യ പോലുള്ള രാജ്യങ്ങൾക്ക് ഒന്നിച്ചുനിന്ന് ഒരുപാട് പ്രശ്‌നങ്ങൾ മറികടക്കാനാകുമെന്നും കൂടുതൽ ശക്തമാകാനാകുമെന്നും ഇബ്രാഹിം റഈസി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനോട് പറഞ്ഞു.

Tags:    
News Summary - Iran, Russia and China ties strengthen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.