തെഹ്റാൻ: ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയെ തെഹ്റാനിൽ വെച്ച് വധിച്ചത് സയണിസ്റ്റുകളുടെ തന്ത്രപരമായ തെറ്റാണെന്നും അതിന് അവർ ഗുരുതര വില കൊടുക്കേണ്ടി വരുമെന്നും ഇറാൻ ആക്ടിങ് വിദേശകാര്യ മന്ത്രി അലി ബാഖരീ കനീ. ‘സയണിസ്റ്റുകൾ തെഹ്‌റാനിൽ നടത്തിയ പ്രവൃത്തി തന്ത്രപരമായ തെറ്റായിരുന്നു. അത് അവർക്ക് ഗുരുതര നഷ്ടം വരുത്തും’ -ജിദ്ദയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോർപറേഷന്റെ (ഒ.ഐ.സി) പ്രത്യേക യോഗത്തിൽ പങ്കെടുത്ത ശേഷം എ.എഫ്.പി വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘർഷവും യുദ്ധവും മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഇസ്രായേൽ ആഗ്രഹിക്കുന്നതായും അദ്ദേഹം ആരോപിച്ചു. എന്നാൽ, ഇറാനുമായി യുദ്ധം ചെയ്യാനുള്ള ശേഷിയോ ശക്തിേയാ സയണിസ്റ്റ് രാജ്യത്തിനില്ലെന്നും മന്ത്രി പറഞ്ഞു.
ഇസ്മാഈൽ ഹനിയ്യയുടെ മരണത്തിൽ തിരിച്ചടിയല്ലാതെ മറ്റ് പോംവഴികളില്ലെന്നും യുഎൻ സെക്യൂരിറ്റി കൗൺസിലിൻ്റെ നിഷ്‌ക്രിയത്വത്തിനിടയിൽ രാജ്യത്തിനെതിരായ കൂടുതൽ ആക്രമണങ്ങൾ തടയാൻ ഇത് അത്യാവശ്യമാണെന്നും ഒ.ഐ.സി അടിയന്തര യോഗത്തിൽ അലി ബാഖരീ പറഞ്ഞിരുന്നു.
ഇറാന്റെ പരമാധികാരം, പൗരൻമാർ, ഭൂപ്രദേശം എന്നിവ സംരക്ഷിക്കുന്നതിന് തിരിച്ചടി അനിവാര്യമായിരിക്കുകയാണ്. ഉചിതമായ സമയത്ത് ഉചിതമായ രീതിയിൽ തിരിച്ചടിയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസങ്ങളായി ഗസ്സയിൽ തുടരുന്ന വംശഹത്യയും ഹനിയ്യയുടെ വധവും സയണിസ്റ്റ് രാഷ്ട്രം മേഖലയിൽ നടത്തുന്ന തീവ്രവാദ കുറ്റകൃതങ്ങൾക്ക് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഹനിയ്യയുടെ വധം ഇറാന്റെ പരമാധികാരത്തിന്റെയും ലംഘനമാണ്. ഇത് മേഖലയുടേയും ലോകത്തിന്റേയും സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ്. അന്താരാഷ്ട്ര നിയമങ്ങളുടേയും യു.എൻ ചാർട്ടറിന്റേയും നഗ്നമായ ലംഘനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.