ഡമസ്കസ്: സിറിയയിലേക്ക് എണ്ണയുമായി പോയ ഒരു ഡസനിലേറെ ഇറാനിയൻ ചരക്കുകപ്പലുകൾ അടുത്തിടെ ഇസ്രായേൽ ആക്രമിച്ചെന്ന വെളിപ്പെടുത്തലിന്റെ ചൂടാറും മുമ്പ് ഇറാൻ ചരക്കുകപ്പലിനു നേരെ വീണ്ടും ആക്രമണം. യൂറോപിലേക്ക് ചരക്കുമായി പോയ ഷഹ്റെ കുർദ് എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് ഉടമസ്ഥരായ ഇറാനിയൻ സർക്കാർ കമ്പനി അറിയിച്ചു. കപ്പലിൽ ചെറിയ അഗ്നിബാധ ഉണ്ടായെങ്കിലും വലിയ കേടുപാടുകളില്ലെന്നും ആർക്കും പരിക്കുമില്ലെന്നും കമ്പനി വ്യക്തമാക്കി. കേടുപാടുകൾ തീർത്ത് ലക്ഷ്യത്തിലേക്ക് വീണ്ടും യാത്ര തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് ഹെലിയോസ് റേ എന്ന ഇസ്രായേൽ ചരക്കു കപ്പൽ ഒമാൻ കടലിൽ ആക്രമണത്തിനിരയായിരുന്നു. പിന്നിൽ ഇറാനാണെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ മാത്രം മൂന്ന് ഇറാൻ ചരക്കുകപ്പലുകൾ ചെങ്കടലിലും ആക്രമണത്തിനിരയായി. ഇവയുൾപെടെ ഒരു ഡസനിലേറെ ഇറാൻ കപ്പലുകൾക്കു നേരെ ഇസ്രായേൽ ആക്രമണം സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസം യു.എസ് മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ഇതുവരെ ഇസ്രായേൽ നിഷേധിച്ചിട്ടില്ല.
2019ൽ നാവിക സേനയോട് നടത്തിയ പ്രസംഗത്തിനിടെ കടൽ വഴി എണ്ണ കടത്ത് ഇറാൻ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനുള്ള ഉപാധിയാക്കി മാറ്റുകയാണെന്നും അതിനെ ചെറുക്കൽ ഇസ്രായേലിന്‍റെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഇറാൻ കപ്പലുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടത്. ഇസ്രായേലിന്‍റെ പങ്ക് സ്ഥിരീകരിച്ച് മുതിർന്ന യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് നൽകിയത്.
നാവിക ശേഷിയിലും പശ്ചിമേഷ്യയിൽ ശക്തരായ ഇസ്രായേലിന്‍റെ യുദ്ധക്കപ്പലുകളും അഞ്ച് അന്തർവാഹിനികളും മെഡിറ്ററേനിയനിലും ചെങ്കടലിലും സജീവ സാന്നിധ്യമാണ്.
ബുധനാഴ്ച നടന്ന ആക്രമണം നാവിക കൊള്ളയാണെന്നും രാജ്യാന്തര ചട്ടങ്ങൾക്കും കപ്പൽവഴിയുള്ള വാണിജ്യ കടത്തിനും എതിരാണെന്നും പ്രതികളെ കണ്ടെത്തുമെന്നും ഇറാൻ മുന്നറിയിപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.