ബൈറൂത്: ആക്രമണത്തിന് മുമ്പ് ഹിസ്ബുല്ല തലവൻ ഹസൻ നസറുല്ലയെക്കുറിച്ച് രഹസ്യ വിവരം ഇസ്രായേലിന് നൽകിയത് ഇറാൻ ചാരനെന്ന് റിപ്പോർട്ട്. പാരിസ് ആസ്ഥാനമായ ലെ പാരിസിയെൻ എന്ന ഫ്രഞ്ച് പത്രമാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ബൈറൂത് നഗരത്തിലെ 60 അടി താഴ്ചയിൽ ഭൂമിക്കടിയിലെ ബങ്കറിലുണ്ടെന്ന കൃത്യമായ വിവരമാണ് നസറുല്ലയെ 80 ലേറെ ബോംബുകളിട്ട് കൊലപ്പെടുത്തുന്നതിലേക്ക് വഴിവെച്ചത്. ഒരു യോഗത്തിൽ പങ്കെടുക്കാൻ നസറുല്ല ബങ്കറിലെ ആസ്ഥാനത്തെത്തുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പാണ് ഇസ്രായേലിന് വിവരം ലഭിച്ചതെന്നും ലബനൻ സുരക്ഷാസേന വൃത്തങ്ങളെ ഉദ്ധരിച്ച് ‘ലെ പാരിസിയെൻ’ റിപ്പോർട്ട് ചെയ്തു.
അതേസമയം, 2006ൽ ലബനിൽ 34 ദിവസം നീണ്ട ഏറ്റുമുട്ടൽ പരാജയപ്പെട്ടതോടെ ഇസ്രായേൽ ചാര സംഘടനയായ മൊസാദ് നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളാണ് ഹിസ്ബുല്ലയുടെ ശക്തമായ നേതൃനിരയുടെ നട്ടെല്ലൊടിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് പത്രം തയാറാക്കിയ അന്വേഷണാത്മക റിപ്പോർട്ടിൽ പറയുന്നു. യു.എന്നിന്റെ നേതൃത്വത്തിൽ നടന്ന വെടിനിർത്തൽ ഉടമ്പടിയാണ് അന്ന് ഏറ്റുമുട്ടൽ അവസാനിപ്പിച്ചത്. ഏറ്റുമുട്ടലിൽ കനത്ത തിരിച്ചടി നേരിട്ട ഇസ്രായേൽ ഹിസ്ബുല്ലയെ നേരിടുന്ന സമീപനത്തിൽ കാര്യമായ മാറ്റം വരുത്തി. നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം നേതൃത്വത്തെ കുറിച്ചുള്ള രഹസ്യവിവരങ്ങൾ ചോർത്താൻ തുടങ്ങി. ഇതിനായി യൂനിറ്റ് 8200 എന്ന പ്രത്യേക ടീം സജ്ജമാക്കി.
ഹിസ്ബുല്ലയുടെ ആശയവിനിമയ രഹസ്യങ്ങൾ ചോർത്താൻ അത്യാധുനിക ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഉപഗ്രഹങ്ങളുടെ സഹായത്തോടെയും ഡ്രോണുകൾ പറത്തിയും ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളുടെ ചിത്രങ്ങൾ പകർത്തി. ബൈറൂത്തിലെ കെട്ടിടങ്ങളിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾപോലും മൊസാദ് നിരീക്ഷിച്ചു. ഈ നിരീക്ഷണമാണ് ഹിസ്ബുല്ലയുടെ ആയുധകേന്ദ്രങ്ങൾ ലക്ഷ്യം തെറ്റാതെ തകർക്കാൻ ഇസ്രായേലിനെ സഹായിച്ചത്.
ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടൽ വർഷങ്ങളോളും നീണ്ടുനിൽക്കുന്നതാണെന്ന് തിരിച്ചറിഞ്ഞതിനാൽ എല്ലാ കഴിവുകളും വിനിയോഗിച്ചിരുന്നെന്ന് മൊസാദുമായി ചേർന്ന് നിരവധി കാലം പ്രവർത്തിച്ച സി.ഐ.എയുടെ മുൻ പശ്ചിമേഷ്യ വിദഗ്ധൻ ചിപ് ഉഷേർ പറഞ്ഞു. ചാരപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നിയതിന്റെ ഫലമായിരുന്നു 2008ൽ ഹിസ്ബുല്ലയുടെ കമാൻഡറായിരുന്ന ഇമാദ് മുഗ്നിയയുടെയുടെയും 2020ൽ ഇറാന്റെ ഖുദ്സ് സേന തലവൻ ജന. ഖാസിം സുലൈമാനിയുടെയും വധം. ഫോണുകൾ ചോർത്തുന്നെന്ന് മനസ്സിലായതോടെയാണ് ഹിസ്ബുല്ല പേജറിലേക്കും വോകി ടോകിയിലേക്കും മാറിയത്. പക്ഷേ, പേജറുകളും വോകി ടോകികളും കുഞ്ഞു ബോംബുകളാക്കി മാറ്റാൻ മൊസാദ് ബുഡപെസ്റ്റിൽ ഒരു കടലാസ് കമ്പനിതന്നെ തുടങ്ങി. തായ്‍വാൻ കമ്പനിയുടെ ലൈസൻസിൽ തുടങ്ങിയ മൊസാദിന്റെ ഈ കടലാസ് കമ്പനിയാണ് ഹിസ്ബുല്ലക്ക് പേജറുകളും വോകി ടോകികളും വിതരണം ചെയ്തിരുന്നത്. ഈ ഉപകരണങ്ങളിലും അപകടം പതിയിരിക്കുന്നെന്ന് ഹിസ്ബുല്ല തിരിച്ചറിഞ്ഞതോടെ പേജറുകളിലെയും വോകി ടോകികളിലെയും സ്ഫോടക വസ്തുക്കൾ മൊസാദ് പൊട്ടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.