ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലാ​ഹി​യാൻ, പ്രസിഡന്‍റ് ഇ​ബ്രാ​ഹിം റ​ഈ​സി, ഇറാനിയൻ പരമോന്നത നേതാവിന്‍റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, കി​ഴ​ക്ക​ൻ അ​സ​ർ​ബൈ​ജാ​ൻ പ്ര​വി​ശ്യ​ ഗ​വ​ർ​ണ​ർ മാലിക് റഹ്മത്തി എന്നിവർ

ഇറാൻ പ്രസിഡന്‍റും വിദേശകാര്യ മന്ത്രിയും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു

തെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് ഇ​ബ്രാ​ഹിം റ​ഈ​സിയും (63) വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലഹി​യാ​നും (60) ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് ഇവരുൾപ്പെടെയുള്ള സംഘത്തെ കാണാതായത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ എത്തിയത്. പ്രസിഡന്‍റും വി​ദേ​ശ​കാ​ര്യ മ​ന്ത്രിയും അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു.

ഇവരെ കൂടാതെ, ഇറാന്റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മതി, പരമോന്നത നേതാവിന്റെ കിഴക്കൻ അസർബൈജാൻ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി അൽ ഹാശിം, പ്രസിഡന്റിന്റെ സുരക്ഷാ സംഘത്തലവൻ സർദാർ സയ്യിദ് മെഹ്ദി മൂസവി, ഹെലികോപ്ടർ പൈലറ്റ് കേണൽ സയ്യിദ് താഹിർ മുസ്തഫവി, കോ പൈലറ്റ് കേണൽ മുഹ്സിൻ ദരിയാനുഷ്, ​ൈഫ്ലറ്റ് ടെക്നീഷ്യൻ മേജർ ബെഹ്റൂസ് ഗാദിമി എന്നിവരും കൊല്ലപ്പെട്ടു.

ഇ​റാ​ൻ- അ​സ​ർ​ബൈ​ജാ​ൻ സം​യു​ക്ത സം​രം​ഭ​മാ​യ ഖി​സ് ഖ​ലാ​സി അ​ണ​ക്കെ​ട്ട് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കൊ​പ്പം ത​ബ്രീ​സി​ലേ​ക്ക് പു​റ​പ്പെ​ട്ട ഹെ​ലി​കോ​പ്ട​റാ​ണ് ​തെ​ഹ്റാ​നി​ൽ​നി​ന്ന് 600 കി​ലോ​മീ​റ്റ​ർ അ​​ക​ലെ ജു​ൽ​ഫ​യി​ലെ വ​ന​മേ​ഖ​ല​യി​ൽ ഇ​ടി​ച്ചി​റ​ങ്ങി​യ​ത്. ഇ​റാ​ന്റെ ഭാ​ഗ​മാ​യ കി​ഴ​ക്ക​ൻ അ​സ​ർ​ബൈ​ജാ​ൻ പ്ര​വി​ശ്യ​യു​ടെ ഗ​വ​ർ​ണരും ഹെലികോപ്ടറിൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. അ​റാ​സ് ന​ദി​ക്ക് കു​റു​കെ​യു​ള്ള അ​ണ​ക്കെ​ട്ട് അ​സ​ർ​ബൈ​ജാ​ൻ പ്ര​സി​ഡ​ന്റ് ഇ​ൽ​ഹാം അ​ലി​യേ​വി​നൊ​പ്പം ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. തിരികെ വരുംവഴിയാണ് അപകടം. മൂ​ന്ന് ഹെ​ലി​കോ​പ്ട​റു​ക​ളി​ലാ​യാ​ണ് റ​ഈ​സി​യും സം​ഘ​വും പു​റ​പ്പെ​ട്ട​ത്. മ​റ്റു ര​ണ്ട് ഹെ​ലി​കോ​പ്ട​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചെ​ത്തി​യിരുന്നു. 

ഇറാൻ പ്രസിഡന്‍റ് ഇ​ബ്രാ​ഹിം റ​ഈ​സി

 

ദുർഘടമായ മലമ്പ്രദേശത്തെ കനത്ത മൂടൽമഞ്ഞുള്ള കാലാവസ്ഥ രക്ഷാപ്രവർത്തനം ഏറെ ശ്രമകരമാക്കിയിരുന്നു. തുർക്കിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോണാണ് മേഖലയിൽ താപനില കൂടിയ പ്രദേശം കണ്ടെത്തിയത്. തുടർന്ന് ഇവിടം കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം നടത്തി തകർന്ന ഹെലികോപ്ടർ കണ്ടെത്തുകയായിരുന്നു. 

ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആയത്തുല്ല അ​ലി ഖാം​ന​ഈ​യു​ടെ പി​ൻ​ഗാ​മി​യാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട്ട നേതാവാണ് ഇ​ബ്രാ​ഹിം റ​ഈ​സി. റഈസിയുടെ ഭാര്യ: ജമീല അലമുൽ ഹുദ. രണ്ടു മക്കളുണ്ട്.

Tags:    
News Summary - Iran's president and foreign minister were killed in a helicopter crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.