ബഗ്ദാദ്: ഇറാഖിലെ ശിയ നേതാവ് മുഖ്തദ അൽ സദ്ർ രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാഖിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ 30 മരണം. 30 പേർ കൊല്ലപ്പെടുകയും 400 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖി മെഡിക്കൽ ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ, സംഘർഷം അവസാനിപ്പിച്ച് പിൻവാങ്ങാൻ മുഖ്തദ അൽ സദ്ർ അഭ്യർഥിച്ചതിന് പിന്നാലെ അനുയായികൾ ചൊവ്വാഴ്ച പിൻവാങ്ങാൻതുടങ്ങി. ഒരു മാസത്തിലേറെയായി അവർ അതിസുരക്ഷാ മേഖലയായ ഗ്രീൻ സോണിൽ സ്ഥാപിച്ച കൂടാരങ്ങൾ പൊളിച്ചുമാറ്റുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. നേതാവിന്റെ നിർദേശങ്ങൾ പാലിച്ച് അനുയായികൾ പ്രദേശം വിടുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുരക്ഷ സേനകളുമായും അർധസൈനിക വിഭാഗങ്ങളുമായും 24 മണിക്കൂറോളം നീണ്ടുനിന്ന രൂക്ഷമായ ഏറ്റുമുട്ടലുകളെതുടർന്ന് ചൊവ്വാഴ്ച ഒരു ടെലിവിഷൻ പ്രസംഗത്തിലാണ് പിൻവാങ്ങാൻ അനുയായികളോട് ആഹ്വാനം ചെയ്തത്.
അതേസമയം, ഇറാഖിലേക്കുള്ള അതിർത്തികൾ ഇറാൻ അടച്ചു. അതേസമയം കുവൈത്ത് തങ്ങളുടെ പൗരന്മാരോട് ഇറാഖ് വിടാൻ ആഹ്വാനം ചെയ്തു. ഗ്രീൻ സോണിലെ എംബസി നെതർലൻഡ്സ് ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രി വോപ്കെ ഹോക്സ്ട്ര ചൊവ്വാഴ്ച രാവിലെ ട്വീറ്റ് ചെയ്തു. ദുബൈയിലെ ദീർഘദൂര വിമാനക്കമ്പനിയായ എമിറേറ്റ്സ് ചൊവ്വാഴ്ച ബഗ്ദാദിലേക്കുള്ള വിമാന സർവിസുകൾ നിർത്തിവെച്ചു.
അനുയായികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതിന് പിന്നാലെ എതിര് സംഘങ്ങളും രംഗത്തെത്തിയതോടെ പ്രതിഷേധം തെരുവുയുദ്ധമാവുകയായിരുന്നു. പ്രതിഷേധക്കാരെ നേരിടാന്‍ സൈന്യവും രംഗത്തെത്തി. സദ്റിന്റെ അനുയായികളും സൈന്യവും ഇറാഖി സേനയുമായി സഹകരിച്ച മുൻ അർദ്ധസൈനിക വിഭാഗമായ ഹാഷിദ് അൽ ഷാബിയുടെ ആളുകളും തമ്മിലുള്ള സംഘർഷം ഇന്നലെ വൈകുന്നേരത്തോടെ അവസാനിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ പുനരാരംഭിക്കുകയായിരുന്നു.
ഒക്ടോബറില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സദ്റിന്റെ പാര്‍ട്ടി ഏറ്റവും വലിയ ഭൂരിപക്ഷം നേടിയെങ്കിലും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മതിയായ സീറ്റുകള്‍ ലഭിക്കാത്തതിനാല്‍ രാജ്യം രാഷ്ട്രീയ പ്രതിസന്ധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.