ഗസ്സ സിറ്റി/ജറൂസലം/വാഷിങ്ടൺ: ഗസ്സയെ കരവഴി ആക്രമിക്കുമെന്ന് ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് മൂന്നു ദിവസം കഴിഞ്ഞിട്ടും രണ്ടു മനസ്സുമായി ഇസ്രായേൽ. വ്യോമാക്രമണത്തിലൂടെ ഗസ്സയുടെ മുക്കുംമൂലയും നിലംപരിശാക്കിയിട്ടും അതിർത്തിയാകെ ടാങ്കും സൈനികരെയും കൊണ്ട് നിറച്ചിട്ടും മെഡിറ്ററേനിയൻ കടലിൽ യു.എസിന്റെ രണ്ടാം വിമാനവാഹിനി എത്തിയിട്ടും കര അധിനിവേശം തിങ്കളാഴ്ചയും ഇസ്രായേൽ ആരംഭിച്ചില്ല.
ഇസ്രായേലിനുവേണ്ടി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യു.എസ് നടത്തിയ നീക്കങ്ങൾ പ്രതീക്ഷിച്ച ഫലം കാണാത്തതും ഇസ്രായേലിന്റെ വടക്കൻമേഖലയിൽ ഇറാനും ഹിസ്ബുല്ലയും സിറിയയും ചേർന്ന് മറ്റു യുദ്ധമുഖങ്ങൾ തുറക്കുമെന്ന ആശങ്കയും വടക്കൻ ഗസ്സയിൽനിന്ന് പൂർണമായും ഒഴിഞ്ഞുപോകണമെന്ന അന്ത്യശാസനം ഭൂരിഭാഗം ഫലസ്തീനികൾ നിരസിച്ചതും ഇസ്രായേലിന്റെ ആശയക്കുഴപ്പത്തിന് കാരണമാണെന്ന് നിരീക്ഷണമുണ്ട്.
ഇതിനു പിന്നാലെ, ഗസ്സക്കുമേലുള്ള ഏത് അധിനിവേശവും വൻ തെറ്റാവുമെന്ന മുന്നറിയിപ്പുമായി തിങ്കളാഴ്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്നെ രംഗത്തുവരുകയും ചെയ്തു. ഒപ്പം, ഫലസ്തീൻ പോരാളികൾ ബന്ദിയാക്കിയ തങ്ങളുടെ പൗരൻമാരുടെ സുരക്ഷ സംബന്ധിച്ച പേടിയും ഇസ്രായേലിനെ ചിന്തിപ്പിക്കുന്നു. 199 പേരാണ് ബന്ദികളായുള്ളതെന്ന് തിങ്കളാഴ്ച ഇസ്രായേൽ വ്യക്തമാക്കി.
നേരത്തെ പറഞ്ഞതിനേക്കാൾ കൂടുതലാണിത്. വടക്കൻ മേഖലയിൽ തങ്ങളെ പരീക്ഷിക്കാൻ ശ്രമിക്കരുതെന്ന് ഇറാനും ഹിസ്ബുല്ലക്കും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഗസ്സയിലേക്ക് കടന്നാൽ ഇരുവരും വടക്കൻ മേഖലയിൽ ആക്രമണം നടത്തുമെന്ന ആശങ്കയിലാണ് ഈ മുന്നറിയിപ്പ്.
ഇതിനിടെ, തിങ്കളാഴ്ച തെൽഅവീവിൽ ഇസ്രായേൽ പാർലമെന്റ് യോഗത്തിനിടെ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയതിനെ തുടർന്ന് പ്രധാനമന്ത്രിയടക്കമുള്ളവരെ ഒഴിപ്പിച്ചു. ജറൂസലമിലേക്കും തെൽഅവീവിലേക്കും റോക്കറ്റുകൾ അയച്ചതായി ഖസ്സാം ബ്രിഗേഡ് സ്ഥിരീകരിച്ചു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറിലേറെ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി ഗസ്സയിൽ ഇസ്രായേൽ ക്രൂരത തുടരുകയാണ്. വടക്കൻ ഗസ്സയിലും തെക്കൻമേഖലയിലെ ഖാൻ യൂനുസിലും റഫയിലുമടക്കം തിങ്കളാഴ്ചയും ബോംബിങ് തുടർന്നു. ഗസ്സയിലെ ആശുപത്രികളിലേക്ക് ഒരു മിനിറ്റിൽ ഒരാൾ എന്നനിലയിൽ എത്തിക്കൊണ്ടിരിക്കുന്നുവെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ കരുതൽ ഇന്ധനം ഉപയോഗിച്ചുള്ള വൈദ്യുതിയും നിലക്കുമെന്നും യു.എൻ അധികൃതർ പറഞ്ഞു.
●ഗസ്സയിലെ ആശുപത്രികളിൽ അവശ്യസാധനങ്ങളുടെ ദൗർലഭ്യം അപകടകരമാംവിധം വർധിച്ചതായി, ഫലസ്തീനികൾക്കുള്ള വൈദ്യസഹായ സ്ഥാപനമായ യു.കെയിലെ എം.എ.പി അറിയിച്ചു.
●2750ലേറെ ഗസ്സക്കാർ കൊല്ലപ്പെട്ടു. 9700 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 58 പേരും മരിച്ചു. 1250 പേർക്ക് പരിക്കുമുണ്ട്. ഇസ്രായേലിൽ കഴിഞ്ഞാഴ്ചയുണ്ടായ ഹമാസ് ആക്രമണത്തിൽ മരണസംഖ്യ 1400 ആയെന്ന് റിപ്പോർട്ടുണ്ട്.
●ഗസ്സയുടെ എല്ലാ ഭാഗത്തുനിന്നും ജനങ്ങൾ വന്നെത്തിയ ഖാൻ യൂനുസിൽ ബ്രഡിനായി ജനങ്ങളുടെ നീണ്ട വരികളാണെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
●ലബനാൻ അതിർത്തിമേഖലയിലെ തങ്ങളുടെ പൗരൻമാരോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.