‘കില്ലിങ് മെഷീനാ’യി ഇസ്രായേൽ; വഴികളടഞ്ഞ്, പോകാനിടമില്ലാതെ വടക്കൻ ഗസ്സക്കാർ

ഗസ്സ സിറ്റി: അധിക സേനയെ അയച്ചും പുതിയ മിസൈൽ പ്രതിരോധ സംവിധാനം വിന്യസിച്ചും വംശഹത്യയിൽ അമേരിക്ക പങ്കാളിത്തം കൂടുതൽ ശക്തമാക്കിയതിന് പിന്നാലെ ഗസ്സയിലും ലബനാനിലും കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ. 24 മണിക്കൂറിനിടെ 55 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. കിഴക്കൻ ഖാൻ യൂനുസിലെ ബനീ സുഹൈലയിൽ മുന്നറിയിപ്പില്ലാതെ താമസ കെട്ടിടത്തിൽ ബോംബിട്ട് കുടുംബത്തിലെ 10 പേരെ വകവരുത്തിയ ഇസ്രായേൽ മറ്റൊരു കുടുംബത്തിലെ ആറുപേരെയും ബോംബിട്ട് കൊന്നു.

പരിക്കുമായി നാസർ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നില ഗുരുതരമായി തുടരുകയാണ്. 10 ദിവസമായി ആക്രമണം തുടരുന്ന വടക്കൻ ഗസ്സയിൽ ജബാലിയ അഭയാർഥി ക്യാമ്പിന്റെ ഭാഗമായ അൽഫലൂജയിൽ 17 പേർ ബോംബിങ്ങിൽ കൊല്ലപ്പെട്ടു. ഇവിടെ പരിക്കേറ്റവരെ രക്ഷിക്കുന്നതിനിടെ ഡോക്ടറെ ഇസ്രായേൽ സേന വെടിവെച്ചുകൊന്നു. പൂർണമായി നിലംപരിശാക്കലും കൂട്ടക്കൊലയും തുടരുന്ന വടക്കൻ ഗസ്സയെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന എല്ലാ സംവിധാനങ്ങളും ഇസ്രായേൽ മുറിച്ചുകളഞ്ഞതായി യു.എൻ അറിയിച്ചു. കുടിയൊഴിയാൻ അന്ത്യശാസനമുണ്ടെങ്കിലും വീടുവിടാൻ പോലും അനുവദിക്കാതെ ഇവിടെ ഫലസ്തീനികളെ കൊല്ലാക്കൊല നടത്തുകയാണെന്ന് റെഡ് ക്രോസ് ഗസ്സ മേധാവി അഡ്രിയൻ സിമ്മർമാൻ പറഞ്ഞു. ആശുപത്രികൾപോലും പ്രവർത്തിക്കാൻ അനുവദിക്കാത്തത് കടുത്ത മാനുഷിക ദുരന്തവും തീർക്കുകയാണ്.

അതിനിടെ, റഫയിൽ ഇസ്രായേൽ സൈനികരെ വധിച്ചതായി ഖസ്സാം ബ്രിഗേഡ്സ്. കനത്ത പോരാട്ടം തുടരുന്ന തെക്കൻ ഗസ്സയിലെ റഫയിൽ ബാരൽ ബോംബ് ആക്രമണത്തിൽ ഇസ്രായേൽ സൈനികർക്ക് ആളപായമുണ്ടായതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ്. റഫയിലെ റയ്യാൻ ഭാഗത്താണ് സംഭവം. ഇസ്രായേലിലെ അഷ്ദോദിൽ തോക്കുധാരി നടത്തിയ ആക്രമണത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് വെടിയേറ്റു. ആക്രമിയെയും വെടിവെച്ചുകൊന്നു.

അതിനിടെ, ലബനാനിലും കനത്ത ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം വടക്കൻ ലബനാനിൽ ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയായ ഐത്വൂ ഗ്രാമത്തിൽ ബോംബാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതിൽ ഏറെയും കുട്ടികളും സ്ത്രീകളുമാണെന്ന് യു.എൻ മനുഷ്യാവകാശ ഓഫിസ് അറിയിച്ചു. ലബനാനിന്റെ നാലിലൊന്നും ആഴ്ചകൾക്കിടെ ഇസ്രായേൽ ഒഴിപ്പിച്ചതായി യു.എൻ. ഏറ്റവുമൊടുവിൽ 20ഓളം മേഖലകളിൽനിന്ന് നാടുവിടാൻ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. 2309 പേർ ഇതിനകം ഇസ്രായേൽ ആക്രമണങ്ങളിൽ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ ദിവസങ്ങൾക്കു മുമ്പ് ലബനാനിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ കമാൻഡർ അബ്ബാസ് നിൽഫൊറൂഷാന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. പ്രസിഡന്റ് മസ്ഊദ് പെസഷ്‍കിയാൻ, സൈനിക മേധാവി ജനറൽ ഹുസൈൻ സലാമി തുടങ്ങിയവർ അന്ത്യയാത്രയിൽ പങ്കെടുത്തു.

Tags:    
News Summary - Israel as a 'Killing Machine'; 55 dead in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.