ബൈറൂത്: ലബനാനിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ സൈന്യം. 24 മണിക്കൂറിനിടെ 105 പേർ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ ബൈറൂതിൽ ഉൾപ്പെടെ ഏഴാം ദിവസമാണ് വ്യോമാക്രമണം തുടരുന്നത്. ലബനാനിൽ ഇസ്രായേൽ കരയുദ്ധത്തിനൊരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലക്ക് പിന്നാലെ മറ്റൊരു മുതിർന്ന നേതാവായ നബീൽ ഖാഊകിനെയും ഇസ്രായേൽ വധിച്ചു. ഹിസ്ബുല്ല സെൻട്രൽ കൗൺസിൽ ഉപമേധാവി നബീൽ ഖാഊക് ശനിയാഴ്ച വൈകീട്ട് ബൈറൂതിലെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഹസൻ നസ്റുല്ല വധം രാജ്യത്തും പുറത്തും കനത്ത പ്രതിഷേധാഗ്നി പടർത്തുകയും പ്രതികാരത്തിന് സമ്മർദം ശക്തമാകുകയും ചെയ്യുന്നതിനിടെയാണ് ഇസ്രായേൽ തുടരുന്ന കനത്ത ആക്രമണം.
ബിഖ താഴ്വര, സിറിയൻ അതിർത്തിയിലെ അൽഖുസൈർ എന്നിവിടങ്ങളിലും ഞായറാഴ്ച ഇസ്രായേൽ യുദ്ധവിമാനങ്ങൾ യുദ്ധവിമാനങ്ങൾ തീതുപ്പി. ബെയ്റൂത്തിൽ ഹിസ്ബുല്ല ബദർ വിഭാഗം കമാൻഡർ അബൂ അലി റിദയെ ലക്ഷ്യമിട്ടതായും ഇസ്രായേൽ അവകാശപ്പെട്ടു.
യമനിൽ ഹൂതി ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഹുദൈദ, റാസ് ഇസ നഗരങ്ങളിലെ ഊർജ നിലയങ്ങളിലും തുറമുഖങ്ങളിലുമുണ്ടായ ആക്രമണങ്ങളിൽ നാല് പേർ മരിച്ചു. ശനിയാഴ്ച ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികൾ ബാലിസ്റ്റിക് മിസൈൽ അയച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് വ്യോമാക്രമണം.
യുദ്ധം വ്യാപിക്കുന്നതിെന്റ സൂചനയായാണ് നിരീക്ഷകർ ആക്രമണത്തെ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.