ഇസ്രായേലിൽ നികുതി കൂട്ടും, നിയമനം മരവിപ്പിക്കും, 6000 കോടി ഡോളർ കടം വാങ്ങും

തെൽഅവീവ്: ഗസ്സ ആക്രമണം 145 ദിവസം പിന്നിടുമ്പോൾ സാമ്പത്തികമായി തകർന്ന് ഇസ്രായേൽ. പ്രതിസന്ധി മറികടക്കാൻ 6000 കോടി ഡോളർ വായ്പയെടുക്കുമെന്ന് ധനമന്ത്രാലയം ചീഫ് അക്കൗണ്ടന്റ് യാലി റോത്തൻബെർഗിനെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. സർക്കാർ ജോലിയിലേക്കുള്ള നിയമനം മരവിപ്പിക്കുകയും ഗസ്സ യുദ്ധത്തിന് പണം കണ്ടെത്താൻ നികുതി വർധിപ്പിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് ഇസ്രായേലി മാധ്യമമായ ജറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധത്തിനും പുനർനിർമ്മാണ ശ്രമങ്ങൾക്കുമുള്ള ചെലവ് പ്രതീക്ഷിച്ചതിലും ഏറെയായതാണ് സ്ഥിതിഗതികൾ വഷളാക്കിയത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി നീക്കിവെച്ച തുക ഇനിയും വർധിപ്പിക്കേണ്ടി വരും.

ഗസ്സയിൽ ​സൈനിക നീക്കത്തിനായി 3,00,000 റിസർവ് സൈനികരെ നിയോഗിച്ചതും ഹമാസ്, ഹിസ്ബുല്ല ഭീഷണിയെ തുടർന്ന് രാജ്യത്തിന്റെ വടക്കും തെക്കുമുള്ള പതിനായിരക്കണക്കിന് പേ​രെ കുടിയൊഴിപ്പിച്ചതും സാമ്പത്തികമേഖലക്ക് പ്രഹരമായി. നിർമാണ മേഖലയിൽ തൊഴിലെടുത്തിരുന്ന ഏകദേശം 1,50,000 ഫലസ്തീൻ തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തിയതും സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചു.

2023ൽ യുദ്ധം കാരണം സർക്കാർ ചെലവ് ഏകദേശം 26 ബില്യൺ ഡോളർ വർധിപ്പിച്ചിരുന്നു. സുരക്ഷക്ക് 4.7 ബില്യൺ ഷെക്കേൽ അധികമായി അനുവദിച്ചു. പുകയില, ബാങ്കിങ് നികുതികൾ വർധിപ്പിക്കും. പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവർധന മരവിപ്പിക്കും. 2025ൽ വാറ്റ് 18% ആയി ഉയർത്താനാണ് പദ്ധതി. അതേസമയം, യുദ്ധം കഴിഞ്ഞാൽ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റോത്തൻബെർഗ് പറഞ്ഞു. നിലവിൽ ധാരാളം റിസർവ് സൈനികരെ സേവനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സാമ്പത്തിക അടിത്തറക്ക് പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 19.4 ശതമാനം ഇടിഞ്ഞതായി കഴിഞ്ഞ ദിവസം ഇസ്രായേൽ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കിയിരുന്നു. യുദ്ധം തുടങ്ങിയ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലാണ് ജി.ഡി.പിയിൽ വൻ തിരിച്ചടി നേരിട്ടത്. അതിന് 10 ദിവസം മുമ്പ് യു.എസ് റേറ്റിങ് ഏജൻസിയായ മുഡീസ്, ഇസ്രായേലിന്റെ റേറ്റിങ് കുറച്ചിരുന്നു. എ1ൽ നിന്നും എ2 ആയാണ് റേറ്റിങ് ഇടിഞ്ഞത്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മോശമാകാനുള്ള സാധ്യതയുണ്ടെന്നും മൂഡീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    
News Summary - Israel financial crisis: Gov't to raise taxes, take $60b. loan to cover Gaza war costs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.