ഡമസ്കസ്: രണ്ടാഴ്ച പോലുമെടുക്കാത്ത സേനാ മുന്നേറ്റത്തിലൂടെ പ്രതിപക്ഷ സഖ്യം ബശ്ശാറുൽ അസദ് എന്ന അതികായനെ വീഴ്ത്തി സിറിയക്ക് ഭരണശൂന്യതയുടെ നാളുകൾ സമ്മാനിക്കുമ്പോൾ അനിശ്ചിതത്വമായിരുന്നു ലോകത്തിനു മുഴുക്കെ. പലതായി ചിതറിക്കിടക്കുന്ന രാജ്യത്ത് ഏതുതരത്തിലുള്ള ഭരണമാണ് ഇനി വരാൻ പോകുന്നതെന്ന് മാത്രമായിരുന്നില്ല വിഷയം. പേരിനെങ്കിലും കേന്ദ്രീകൃത ഭരണം നടപ്പിൽ വരുമോയെന്നും ലോകം കാത്തിരുന്നു.
പക്ഷേ, അവയത്രയും സംഭവിക്കുംമുമ്പ് തങ്ങൾക്ക് പലതും നേടിയെടുക്കാനുണ്ടെന്ന വിളംബരമായിരുന്നു മൂന്നു ദിവസത്തിനിടെ ഇസ്രായേൽ നടത്തിയ നീക്കങ്ങൾ. ബശ്ശാർ പിൻവാതിലിലൂടെ വിമാനം കയറി മോസ്കോയിലിറങ്ങും മുമ്പ് സിറിയയിലുടനീളം ഇസ്രായേൽ ബോംബറുകൾ തീതുപ്പി തുടങ്ങി. നടന്നത് 300ൽ ഏറെ വ്യോമാക്രമണങ്ങൾ. അധിനിവിഷ്ട ഗോലാൻ കുന്നുകളോടു ചേർന്നുള്ള നിരായുധീകൃത മേഖലകൾ മൊത്തമായി പിടിച്ചെടുത്തു. സമീപ ഗ്രാമങ്ങളും പട്ടണങ്ങളും സ്വന്തമാക്കി. യുദ്ധ ടാങ്കുകൾ പതിയെ ഡമസ്കസ് ലക്ഷ്യമിട്ട് യാത്ര തുടങ്ങുകയും ചെയ്തു. മറ്റുവശങ്ങളിലൂടെയും ഇസ്രായേൽ സേന അധിനിവേശം അതിവേഗത്തിലാക്കി. സിറിയയിലുടനീളം അസദ് കാലത്തെ വ്യോമ, നാവിക, കര സേനാ താവളങ്ങളെല്ലാം തകർക്കപ്പെട്ടു. ആയുധകേന്ദ്രങ്ങൾ പൂർണമായി ചാമ്പലായി.
ബശ്ശാർ പോയ ആഘോഷത്തിലായതുകൊണ്ടാകണം പ്രതിപക്ഷ സഖ്യമായ ഹൈഅഃ തഹ്‍രീറുശ്ശാം (എച്ച്.ടി.എസ്) നേതൃത്വം ഇതിനെക്കുറിച്ച് മിണ്ടിയതേയില്ല. അസദിനെ നീക്കാൻ കാണിച്ച ആവേശം രാജ്യത്തെ സംരക്ഷിക്കുന്നതിൽ അവർക്ക് ഉണ്ടായതുമില്ല.
സിറിയയെ നിരായുധീകരിക്കുക മാത്രമല്ല, ഇവിടെ ഇസ്രായേൽ സാധ്യമാക്കിയതെന്ന് വ്യക്തം. ആര് അധികാരത്തിൽ വന്നാലും ഇസ്രായേലിന് ഒരുതരത്തിലും പ്രകോപനം സൃഷ്ടിക്കാൻ ശേഷിയുണ്ടാകില്ലെന്നാണ് ഇതിനകം തീർപ്പാക്കിയത്. സിറിയക്കുള്ളിൽ സൈനിക വിന്യാസം നടത്തിയതായി കഴിഞ്ഞ ദിവസം ഇസ്രായേൽ സൈനിക മേധാവി ഹിർസി ഹലെവി പ്രഖ്യാപിച്ചിരുന്നു. ബശ്ശാർ സേന അതിർത്തി വിട്ട് ഓടിയതോടെ ഉണ്ടായ ശൂന്യത ഒഴിവാക്കാനാണ് കടന്നുകയറ്റമെന്നായിരുന്നു വിശദീകരണം. സിറിയയിൽ നടത്തിയതത്രയും ഇസ്രായേൽ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണെന്ന യു.എസ് ന്യായീകരണം കൂടി ചേർത്തുവായിക്കണം.
അതിനിടെ, മുമ്പ് ഐ.എസ് അംഗമായിരുന്ന പ്രതിപക്ഷ സഖ്യ നേതാവ് അൽജൂലാനിക്ക് മുന്നറിയിപ്പ് നൽകാനും യു.എസ് മറന്നിട്ടില്ല. വിഷയത്തിൽ മറ്റു പടിഞ്ഞാറൻ രാജ്യങ്ങൾ ഇതുവരെയും പ്രതികരണം അറിയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.