ഗസ്സ: ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കടന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗസ്സയിൽ 40 പേർ കൊല്ലപ്പെട്ടു.
ഒക്ടോബർ ഏഴുമുതലുള്ള കണക്ക് പ്രകാരം ഗസ്സയിൽ മാത്രം 40,005 പേർ കൊല്ലപ്പെടുകയും 92,401 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 16,000 ത്തിലധികം പേർ കുട്ടികളാണ്. 23 ലക്ഷം ജനങ്ങളുള്ള ഗസ്സയിലെ ജനസംഖ്യയുടെ ഏകദേശം രണ്ട് ശതമാനം അല്ലെങ്കിൽ ഓരോ 50 പേരിൽ ഒരാൾ എന്ന നിലയിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ഈ കാലയളവിൽ വെസ്റ്റ് ബാങ്കിൽ 632 പേർ കൊല്ലപ്പെടുകയും 5400 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസിന്റെ തിരിച്ചടിയിൽ 1139 ഇസ്രയേലികളും കൊല്ലപ്പെട്ടിടുണ്ട്.
യു.എൻ റിപ്പോർട്ട് പ്രകാരം രണ്ടു വർഷത്തോളമായി തുടരുന്ന റഷ്യ-യുക്രൈയിൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവർ 30,457 പേരാണ്. എന്നാൽ,10 മാസം കൊണ്ട് മാത്രം ഇസ്രയേൽ ആക്രമണത്തിൽ ഗസ്സയിൽ 40,000 ത്തിലധികം പേർ കൊല്ലപ്പെട്ടുവെന്നത് ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ഗസ്സയിലെ 60 ശതമാനത്തിലധികം കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, തെക്കൻ നഗരമായ റഫയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്.
വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഹമാസ്
ഇന്ന് ഖത്തറിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി. ചർച്ചക്ക് ഖത്തറിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ഹമാസിന്റെ പ്രഖ്യാപനം.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ 312 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിനകം 40,000ലേറെ പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. അന്താരാഷ്ട്ര കോടതികൾ വരെ വെടിനിർത്താൻ ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാതെ കുഞ്ഞുങ്ങളെയടക്കം ഇസ്രായേൽ നിർബാധം കൊന്നുതള്ളുന്നത് തുടരുന്നതിനിടെയാണ് ഹമാസിന്റെ തീരുമാനം.
“വ്യാഴാഴ്‌ച ഖത്തർ തലസ്ഥാനത്ത് പുനരാരംഭിക്കുന്ന ചർച്ചകളിൽ ഹമാസ് പങ്കെടുക്കില്ല’ -ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം സുഹൈൽ ഹിന്ദി പറഞ്ഞു. ഇനി ചർച്ചകളുടെ ആവശ്യമില്ലെന്നും ജൂലൈ രണ്ടിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശ പ്രകാരം തയാറാക്കിയ കരാർ ഇസ്രായേൽ പാലിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ അത് പാലിക്കുകയാണെങ്കിൽ കരാർ നടപ്പാക്കാൻ ഹമാസും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇരുരാഷ്ട്രങ്ങൾക്കും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവരുടെ ക്ഷണത്തെ തുടർന്നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. കെയ്‌റോയിലോ ദോഹയിലോ ചർച്ച നടത്താമെന്നായിരുന്നു തീരുമാനം. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയ്യയെ തെഹ്റാനിൽ വെച്ച് ഇസ്രായേൽ കൊലപ്പെടുത്തിയതും വെടിനിർത്തൽ ചർച്ചകളെ സ്വാധീനിച്ചിട്ടുണ്ടാകും എന്നാണ് വിലയിരുത്തൽ. ഇതിന് പ്രതികാരമായി ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടെ, ഗസ്സയിൽ വെടിനിർത്താനുള്ള കരാറിൽ ഉടൻ ഒപ്പുവെക്കണമെന്ന് യു.എസിൽ നിന്നുള്ള ജൂത പുരോഹിതൻമാർ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോ ബൈഡനും ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും യു.എൻ സെക്യൂരിറ്റി കൗൺസിലും മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ അംഗീകരിക്കണമെന്നാണ് ജൂത പുരോഹിതരായ റബ്ബികളുടെ ആവശ്യം.
ഹമാസിന്റെ തടവിലുള്ള 115 ബന്ദികളെ തിരിച്ചെത്തിക്കാതെ ആഗോളതലത്തിലുള്ള ജൂതർക്ക് ആശ്വാസമുണ്ടാകില്ലെന്നും ജൂതപുരോഹിതർ അറിയിച്ചു. സമയം പോവുകയാണ്. ഈയൊരു അവസരം മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ഉപയോഗിക്കണമെന്നും ജൂതപുരോഹിതസംഘം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.