ന്യൂയോർക്ക്: സമൂഹ മാധ്യമത്തിൽ ഇസ്രായേൽ വിമർശന പോസ്റ്റിട്ട ഫലസ്തീനിയൻ-അമേരിക്കൻ സൂപ്പർ മോഡൽ ഗിഗി ഹദീദിന് നേരെ സൈബർ ആക്രമണം. കുട്ടികളെ യുദ്ധത്തടവുകാരാക്കുന്ന ലോകത്തിലെ ഏക രാജ്യം ഇസ്രായേൽ ആണെന്നായിരുന്നു പോസ്റ്റിലെ ഉള്ളടക്കം. കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ അവയവങ്ങൾ വർഷങ്ങളായി ബന്ധുക്കളുടെ അനുമതിയില്ലാതെ ഇസ്രായേൽ കവരുന്നതായി ആരോഗ്യ പ്രവർത്തകർ വെളിപ്പെടുത്തുന്ന വിഡിയോയും അവർ പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമിലിട്ട പോസ്റ്റ് അവർ പിന്നീട് പിൻവലിച്ചിരുന്നു. പോസ്റ്റിനെതിരെ രംഗത്തുവന്ന ഒരു വിഭാഗം ഗിഗിയുമായുള്ള കരാർ റദ്ദാക്കണമെന്നടക്കം അവരുടെ മോഡലിങ് ഏജൻസിയായ ഐ.എം.ജിയോട് ആവശ്യപ്പെടുന്നുണ്ട്.
‘ഏറെ വർഷങ്ങളായി ഇസ്രായേൽ ഫലസ്തീനികളെ കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയും അപമാനിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളെ യുദ്ധത്തടവുകാരാക്കുന്ന ലോകത്തിലെ ഏക രാജ്യം ഇസ്രായേൽ ആണ്’, ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നു. വർഷങ്ങളായി ഇസ്രായേൽ തടവിലിട്ട അഹ്മദ് അൽമനസ്ര എന്ന 13കാരനെ കുറിച്ചും ഇതിൽ സൂചിപ്പിച്ചിരുന്നു. ‘ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇസ്രായേൽ അൽമനസ്രയെ പിടിച്ചുകൊണ്ടുപോയി ഏകാന്ത തടവിലിട്ടു. നൂറുകണക്കിന് ഫലസ്തീൻ കുട്ടികൾ ഇസ്രായേൽ ജയിലുകളിൽ തടങ്കലിൽ കഴിയുന്നു, കഷ്ടപ്പെടുന്നു’, ഗിഗി ഹദീദ് കുറിച്ചു.
ഫലസ്തീനികളുടെ അവയവങ്ങൾ ഇസ്രായേൽ കവരുന്നതായി ആരോപിക്കുന്ന വിഡിയോയും ഹദീദ് റീപോസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ അവയവങ്ങൾ വർഷങ്ങളായി ബന്ധുക്കളുടെ അനുമതിയില്ലാതെ ഇസ്രായേൽ കവരുന്നതായി ആരോഗ്യ പ്രവർത്തകർ വെളിപ്പെടുത്തുന്നതായിരുന്നു വിഡിയോ.
ഗിഗി ഹദീദിന്റെ പോസ്റ്റിനോട് പ്രതികരണവുമായി ഇസ്രായേൽ അധികൃതർ രംഗത്തുവന്നു. ‘ഹമാസ് ഇസ്രായേലികളെ കൂട്ടക്കൊല ചെയ്തതിൽ ധീരമായി ഒന്നുമില്ല. ഹമാസിനെ അപലപിക്കുന്നത് ഫലസ്തീൻ വിരുദ്ധമല്ല, ക്രൂരന്മാരായ ഭീകരരിൽനിന്ന് ഇസ്രയേലികളെ സംരക്ഷിക്കുന്നത് ശരിയായ കാര്യമാണ്’ എന്നായിരുന്നു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.