ന്യൂയോർക്ക്: പാർലമെന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 100ലേറെ തവണ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച്. പ്രചാരണത്തിന്‍റെ ഭാഗമായി മോദി ആകെ 173 വേദികളിൽ സംസാരിച്ചതിൽ 110ഉം മുസ്‌ലിംകളെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളായിരുന്നെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
മുസ്‌ലിംകൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരെ മോദി നടത്തിയ പരാമർശങ്ങൾ തികച്ചും തെറ്റാണെന്നും ഇവ മതന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ സാധൂകരിക്കുന്നവയാണെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടുന്നു. വീട് തകർക്കപ്പെടുന്ന, ശാരീരികമായി ആക്രമിക്കപ്പെടുന്ന, കൊലപാതകത്തിനിരയാകുന്ന ന്യൂനപക്ഷവിഭാഗങ്ങളിൽ മോദിയുടെ പ്രസംഗം വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്‍റെ ഏഷ്യ ഡയറക്ടർ എലെയ്ൻ പിയേഴ്സൺ പറഞ്ഞു.
മോദി ഹിന്ദുക്കൾക്കിടയിൽ നിരന്തരം ഭീതിയുയർത്താൻ ശ്രമിച്ചെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷം അധികാരത്തിൽ വന്നാൽ ഹിന്ദുക്കളുടെ വിശ്വാസങ്ങളും ആരാധനാലയങ്ങളും സമ്പത്തും ഭൂമിയും സ്ത്രീകളുടെ സുരക്ഷയും ഇല്ലാതാകുമെന്നും ഹിന്ദു സ്ത്രീകൾ മുസ്‌ലിംകളുടെ ഭീഷണിയിലാകുമെന്നും മോദി പ്രസംഗിച്ചു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഹിന്ദുക്കളുടെ സമ്പത്ത് തട്ടിയെടുത്ത് മുസ്‌ലിംകൾക്ക് വിതരണം ചെയ്യുമെന്ന് മോദി പ്രസംഗിച്ചത് റിപ്പോർട്ടിൽ എടുത്തുപറയുന്നു.
മുസ്‌ലിംകളെ 'നുഴഞ്ഞുകയറ്റക്കാർ' എന്ന് മോദി നിരന്തരം പരാമർശിച്ചു. മറ്റ് മതവിഭാഗങ്ങളേക്കാൾ കൂടുതൽ കുഞ്ഞുങ്ങളെ ജനിപ്പിച്ചുവെന്നും ഇന്ത്യയിലെ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്നും പ്രസംഗിച്ചു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ സമ്പത്തുള്ളവരെ സർവ്വേ നടത്തി കണ്ടുപിടിച്ച് അവരുടെ ആസ്തികൾ പിടിച്ചുപറിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നതെന്ന് മോദി പറഞ്ഞതും ഹ്യൂമൻ റൈറ്റ്സ് വാച്ചിന്‍റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വോട്ടുകൾ നേടാനായി മതവികാരം ഇളക്കിവിടുന്ന പ്രസംഗങ്ങൾ ഇന്ത്യയിൽ ഒരു പുതിയ കാര്യമല്ലെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഏഷ്യ ഡയറക്ടർ ചൂണ്ടിക്കാട്ടി. പക്ഷേ, ഇത്തവണ മോദി ഭരണത്തിൽ അത് എല്ലാ അതിരുകളും ലംഘിച്ചു. പ്രധാനമന്ത്രി തന്നെ ഇത്തരത്തിൽ വിദ്വേഷപ്രചാരണത്തിന് മുന്നിട്ടിറങ്ങി. ഉന്നത പദവിയിലിരിക്കുന്ന ഒരാൾ വിദ്വേഷ പ്രസംഗങ്ങളെ സാധാരണവത്കരിക്കുകയും മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നത് തീർത്തും അപകടകരമാണ്. ഇത് ഇന്ത്യയിൽ മാത്രമല്ല, എഷ്യയിലെമ്പാടും, അതിനപ്പുറവും വ്യാപിക്കുന്ന ഒരു അപകടകരമായ പ്രവണതയാണെന്നും എലെയ്ൻ പിയേഴ്സൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.