ഗസ്സ: വടക്കൻ ഗസ്സയിലെ രണ്ട് ആശുപത്രികൾ കൂടി ഒഴിയണമെന്ന അന്ത്യശാസനം നൽകി ഇസ്രായേൽ. വടക്കൻ ഗസ്സയിലെ നിർണായകമായ രണ്ട് ആശുപത്രികളിൽ നിന്ന് രോഗികളേയും ജീവനക്കാരേയും ഒഴിപ്പിക്കണമെന്നാണ് നിർദേശം. അതേസമയം, ആരോഗ്യകേന്ദ്രങ്ങൾ ആക്രമിക്കുന്നത് നിർത്തണമെന്ന് യുണൈറ്റഡ് നേഷൻസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
ബെയ്ത് ലാഹ്യയിലെ ഇന്തോനേഷ്യൻ ആശുപത്രിയെ ഇസ്രായേൽ സൈന്യം വളഞ്ഞിട്ടുണ്ട്. ഇതിന് പുറമേ ജബാലിയയിലെ അൽ-അദ്‍വ ആശുപത്രിയും ഒഴിയണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടുവെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. കമാൽ അദ്വാൻ ആശുപത്രിയുടെ തകർച്ചയോടെ ഇന്തോനേഷ്യൻ, അൽ-അവ്ദ ആശുപത്രികളെയാണ് ഫലസ്തീനിലെ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നത്. കമാൽ അദ്‍വാൻ ആശുപത്രി തകർന്നപ്പോൾ ദുരിതത്തിലായവർ ഇന്തോനേഷ്യൻ, അൽ-അദ്‍വ ആശുപത്രികളിലാണ് അഭയം തേടിയിരുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടികൾ ഉൾപ്പടെയുള്ളവരാണ് ആശുപത്രികളിൽ കഴിയുന്നത്.
അതേസമയം, ഒന്നര വർഷത്തോളം നീണ്ട കനത്ത ആക്രമണത്തിൽ ഹമാസിന്റെയും ഹിസ്ബുല്ലയുടെയും കുന്തമുനയൊടിച്ച ഇസ്രായേലിന് തിരിച്ചടിയായി ഹൂതി വിമതർ എത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. യമൻ തലസ്ഥാനമായ സൻആ ആസ്ഥാനമായ ഹൂതി വിമതരുടെ നിരന്തര മിസൈൽ, ഡ്രോൺ ആക്രമണം ചെറുക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇസ്രായേൽ.
അത്യാധുനിക സാങ്കേതിക വിദ്യയും ആയുധങ്ങളും യു.എസ് പിന്തുണയുമുണ്ടായിട്ടും ഹൂതികളുടെ മിസൈൽ ആക്രമണം ഭയന്ന് വടക്കൻ ഇസ്രായേൽ നഗരമായ ഹൈഫയിൽനിന്ന് ആയിരങ്ങളാണ് ഒഴിഞ്ഞുപോയത്.ഗസ്സക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ഇസ്രായേലിനെതിരെ ഇറാൻ പിന്തുണയുള്ള ഹൂതികൾ ആക്രമണം തുടങ്ങിയത്. ചെങ്കടലിൽ കപ്പലുകൾക്കു നേരെ ആക്രമണം കടുപ്പിച്ചതോടെ ഇസ്രായേലിന്റെ എയിലാത് നഗരത്തിലെ തുറമുഖം പൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.