ഗസ്സ സിറ്റി: ‘‘കെട്ടിടാവശിഷ്ടങ്ങളിൽ അകപ്പെട്ടുകിടക്കുന്നവരുടെ നിലവിളി പലപ്പോഴും കേൾക്കുന്നു. പക്ഷേ, ഞങ്ങൾക്കവരെ രക്ഷിക്കാനാകുന്നില്ല.’’ ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫയുടെ ഡയറക്ടർ മുഹമ്മദ് അബൂ സെലിമ പറയുന്നു. അവശിഷ്ടങ്ങളിൽ അകപ്പെട്ടുകിടക്കുന്നവരെ പുറത്തെടുക്കാൻ ഉപകരണങ്ങളില്ലാത്തതിനാൽ വെറുംകൈകൊണ്ട് മാന്തിയെടുക്കുകയാണ് ഗസ്സ നിവാസികൾ.
ഭീകരാവസ്ഥയാണ് ഗസ്സയുടെ തെരുവിലെന്ന് ഗസ്സയിലെ ഡോക്ടർ അഹ്മദ് ശഹീൻ പറയുന്നു. ‘‘ബോംബിങ് ഇപ്പോഴും നടക്കുകയാണ്. ആകാശത്തുനിന്നും കടലിൽനിന്നും കരയിൽനിന്നുമെല്ലാം ആക്രമണമാണ് നടക്കുന്നത്. മൃതദേഹങ്ങൾ സൂക്ഷിക്കാൻ മോർച്ചറികളിൽ ഇടമില്ല’’ -അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സ മഹാദുരന്തത്തിന്റെ വക്കിലാണെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത മണിക്കൂറുകളിലും ഗസ്സക്കുമേലുള്ള ആക്രമണം തുടരുകയും സഹായം അനുവദിക്കാതിരിക്കുകയുമാണെങ്കിൽ അതിഭയങ്കരമായ മാനുഷിക ദുരന്തമാണുണ്ടാവുകയെന്ന് വിവിധ ഫലസ്തീനി മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകി. ഇപ്പോൾതന്നെ അതിനുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെന്നും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംഘടനകൾ ചൂണ്ടിക്കാട്ടി.
ജനം തെരുവിൽ അന്തിയുറങ്ങുകയാണ്. ഒക്ടോബർ ഏഴു മുതൽ ഏർപ്പെടുത്തിയ ഉപരോധത്തിൽ ഗസ്സയിൽ വെള്ളവും ഭക്ഷണവും ഇന്ധനവും വൈദ്യുതിയുമെല്ലാം തടഞ്ഞിരിക്കുകയാണ്. അതേസമയം, വൈദ്യുതിയും വെള്ളവും അനുവദിക്കുന്നുണ്ടെന്നാണ് ഇസ്രായേൽ വാദം.
ഇന്ധനം തീർന്നതുകാരണം വൈദ്യുതി ഇല്ലാതായതിനാൽ ആശുപത്രികൾ ശസ്ത്രക്രിയ നീട്ടിവെക്കുകയാണ്. ഖാൻ യൂനുസിലെ നാസ്സർ ആശുപത്രിയിൽ ഇന്ധനമില്ലാത്തതിനാൽ ഒരു ഡിപ്പാർട്ട്മെന്റിലെ മുഴുവൻ ശസ്ത്രക്രിയകളും നിർത്തിവെച്ചിരിക്കുകയാണെന്ന് ഡോക്ടർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.