‘ആശുപത്രികൾ യുദ്ധക്കളങ്ങള​ല്ല, ഞങ്ങൾ വളരെയധികം ആശങ്കയിൽ’ - ഇസ്രായേലിനെതിരെ ലോകാരോഗ്യ സംഘടന

ജനീവ: ആശുപത്രികൾ യുദ്ധക്കളങ്ങള​ല്ലെന്നും ഗസ്സ സിറ്റിയിലെ അൽ ശിഫ ആശുപത്രിയിൽ ഇസ്രായേൽ നടത്തുന്ന കൈയേറ്റം ഒട്ടും അംഗീകരിക്കാനാവില്ലെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) മേധാവി ട്രെഡോസ്​ അദാനോം ഗെബ്രിയേസസ്​.

‘ആശുപത്രികൾ യുദ്ധക്കളങ്ങളല്ല. അൽ ശിഫയിലെ ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷയെക്കുറിച്ച് ഞങ്ങൾ വളരെയധികം ആശങ്കാകുലരാണ്. അവരെ സംരക്ഷിക്കുക എന്നത് പരമപ്രധാനമാണ്. അൽ ശിഫയിലെ ആരോഗ്യ പ്രവർത്തകരുമായി ലോകാരോഗ്യ സംഘടനയ്ക്ക് ആശയവിനിമയം പോലും നടത്താൻ കഴിയുന്നില്ല. അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം ആരോഗ്യ സൗകര്യങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആംബുലൻസുകൾ, രോഗികൾ എന്നിവരെ എല്ലാ യുദ്ധങ്ങളിൽ നിന്നും സംരക്ഷിക്കണം’ -അദ്ദേഹം പറഞ്ഞു.

ആശുപത്രികൾ സൈനികരെ ശുശ്രൂഷിക്കാൻ ഉപയോഗിക്കുന്നതായാൽ പോലും സംരക്ഷിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷയും സമൂഹത്തിലെ ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ സമഗ്രതയും പരമപ്രധാനമാണ്. അന്താരാഷ്ട്ര മാനുഷിക നിയമം മാനിക്കപ്പെടണം. ഗസ്സയിൽ കഴിയുന്ന ലോകാരോഗ്യ സംഘടനയുടെ ജീവനക്കാരിൽ പലരും പലായനം ചെയ്തു. അവർ സ്വന്തം ജീവനും കുടുംബങ്ങളുടെ ജീവനും സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ‘വെള്ളമില്ല, ഭക്ഷണമില്ല, വൈദ്യുതിയില്ല, ബോംബിങ്, ബോംബിങ്, ബോംബിങ് മാത്രം’ എന്നാണ് ഞങ്ങളുടെ ജീവനക്കാരിലൊരാൾ പറഞ്ഞത് -ട്രെഡോസ്​ പറഞ്ഞു.

ഡീസൽ വിതരണം തടയുന്ന ഇസ്രായേൽ നടപടിയെയും ​അദ്ദേഹം വിമർശിച്ചു. ‘ഇന്ന് 23,000 ലിറ്റർ ഇന്ധനവുമായി ഒരു ട്രക്ക് ഗസ്സയിൽ പ്രവേശിച്ചു. എന്നാൽ സഹായമെത്തിക്കുന്ന വാഹനങ്ങൾക്ക് മാത്രമായി അതിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ആശുപത്രി ജനറേറ്ററുകൾ, ആംബുലൻസുകൾ, മലിനജല സംസ്കരണ പ്ലാന്റുകൾ, ടെലികമ്മ്യൂണിക്കേഷൻ എന്നിവ പ്രവർത്തിപ്പിക്കുന്നതിന് പ്രതിദിനം 120,000 ലിറ്ററെങ്കിലും ഇന്ധനം ആവശ്യമാണ്’ -ടെ​ഡ്രോസ് വ്യക്തമാക്കി.

Tags:    
News Summary - ‘Hospitals are not battlegrounds’: WHO Tedros Adhanom Ghebreyesus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.