ഇതിനകം പരുവപ്പെട്ടു കഴിഞ്ഞതുപോലെ, മിണ്ടാതിരുന്നാലെന്താ എന്നു ഞാൻ ആലോചിക്കും. ജീവിതകാലം മുഴുവനും അതിനും ദശകങ്ങൾക്കു മുമ്പും അനവരതം തുടർന്നുവന്ന അകത്തും പുറത്തുമുള്ള എല്ലാ അടിച്ചമർത്തലുകളുടെയും അടരുകൾക്കിടയിൽ എന്റെ ഭീതിയും ആകാംക്ഷയും മറവു ചെയ്താലോ എന്നു ചിന്തിക്കും. ലോകം ഞങ്ങളുടെ ദുരിതം അവഗണിക്കുന്നു, ഞങ്ങളുടെ മനുഷ്യത്വം നിഷേധിക്കുന്നു, അടിച്ചമർത്തലിനിരയാകുന്ന ഞങ്ങളെ അധിക്ഷേപിക്കുന്നു. സമചിത്തതയും ആത്മാവും നഷ്ടപ്പെടാതെ ചുറ്റുപാടുകളോട് പൊരുതിനിൽക്കുക എന്ന വൈരുധ്യാത്മകതയിൽ പെട്ടുപോയിരിക്കുകയാണ് ഞാൻ
ഒരു പൊട്ടിത്തെറിയുടെ ഗർജനം എന്റെ വീടിനെ പിടിച്ചുകുലുക്കി. ലാപ്ടോപ് പറന്നുപൊങ്ങി പൊട്ടിത്തകർന്ന ജനൽച്ചില്ലുകളുടെയും മറ്റ് അവശിഷ്ടങ്ങളുടെയും മുകളിൽ ചെന്നുവീണു. അതിന്റെ സ്ക്രീനിലെ മിന്നലാട്ടം കണ്ട് ഞാൻ നെടുവീർപ്പിട്ടു. മറ്റൊരു കമ്പ്യൂട്ടർ കൂടി ചത്തുപോകുകയാണോ-ഒപ്പം ഈ ലേഖനവും? തറയിൽനിന്ന് പതിയെ അതിനെ എടുത്ത് ചില ശുശ്രൂഷകൾ ചെയ്തു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അങ്ങനെ എഴുതാനിരിക്കുന്നു.
ഗസ്സയിൽ കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങൾക്കു വാർത്ത കേട്ടു മടുത്തിരിക്കുന്നു. അവിശ്വസനീയമായ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഞങ്ങൾ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. അതിർത്തിക്ക് ഇരുവശത്തെയും മരണനിരക്ക് വർധിച്ചുവരുന്നത് ഞങ്ങൾ കാണുന്നു. ഓരോ റൗണ്ട് ആക്രമണവും വ്യത്യസ്ത രീതിയിലാണ് തുടങ്ങുന്നത്. എന്നാൽ, എല്ലാം അവസാനിക്കുന്നത് ഒരിടത്തുതന്നെ; ഫലസ്തീനികൾ കനത്ത വില നൽകിക്കൊണ്ട്. എന്നെന്നും അശുഭാന്ത്യം മുൻകൂട്ടി കണ്ടുവേണം ഞങ്ങൾക്കു ജീവിക്കാൻ.
ഇനി ഞാൻ എഴുതട്ടെ. കാരണം എഴുത്ത് എനിക്ക് ജീവനാളമാണ്. കഴിഞ്ഞ കുറച്ചു നാളായി അഗാധമായി ഇരുട്ടിലാഴ്ന്ന യാഥാർഥ്യത്തിൽനിന്നുള്ള താൽക്കാലിക രക്ഷപ്പെടൽ കൂടിയാണത്.
കത്തിയും കെട്ടുമാണ് ഞങ്ങളുടെ വൈദ്യുതി. വെള്ളം ഞങ്ങൾക്ക് ദുർലഭമാണ്. എന്റെ വീടിനു പുറത്തുള്ള വായു കനത്ത പുകയും വെടിമരുന്നിന്റെ തീക്ഷ്ണഗന്ധവുംകൊണ്ടു നിറഞ്ഞിരിക്കുന്നു. തൊണ്ടയും കണ്ണുകളും ചുട്ടുനീറുന്നു.
റൊട്ടി വാങ്ങാൻ പുറത്തിറങ്ങുകയെന്നു വെച്ചാൽ അപകടമാണ്. എന്നിട്ടും ചിന്തയിൽ കുറ്റബോധത്തോടെ ഒരു പൂതി പൊന്തി: പതുക്കെ പോയി തണുത്ത ഉപ്പും മധുരവും ചേർന്ന മക്കിയാട്ടോ കോഫി കുടിച്ചാലോ? ഒരു ആത്മശാന്തിക്ക്, ചുരുങ്ങിയത് തൽക്കാലത്തേക്കെങ്കിലും ശ്രദ്ധയൊന്നു മാറിക്കിട്ടാൻ.
അതിലപ്പുറം ഗസ്സയിൽ ജീവിക്കുന്ന ഒരുത്തന് എന്ത് പ്രതീക്ഷിക്കാനാവും? ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിൽ എന്നു ചിലരൊക്കെ പറയുന്ന ഈ വറുതിയുടെ ദേശം 15 വർഷത്തിലേറെ കാലമായി ശ്വാസം മുട്ടിക്കുന്ന ഉപരോധത്തിൽ കഴിയുകയാണ്.
ലോകം അതിക്രമം വീക്ഷിക്കുന്നുണ്ട്. ഞങ്ങൾക്കുമേൽ പെയ്തിറങ്ങുന്ന ചോരയും ഇരുളും കാണുന്നുണ്ട്. അഭൂതപൂർവമായ ദുരിതകാലത്താണ് ഞങ്ങൾ. എന്നാൽ, എനിക്കും ഗസ്സയിലെ മറ്റനേകം പേർക്കും പതിറ്റാണ്ടുകൾ നീണ്ട, സമാധാനത്തിനും സുരക്ഷിതത്വത്തിനും അന്തസ്സിനും വേണ്ടിയുള്ള ഇളകാത്ത പോരാട്ടത്തിനിടയിലെ മറ്റൊരു ആളിക്കത്തലായാണ് ഇപ്പോഴത്തെ സംഭവങ്ങളും തോന്നുന്നത്. പാശ്ചാത്യ മാധ്യമങ്ങളിൽ -ഇസ്രായേൽ അധിനിവേശവും ഉപരോധവും ഞങ്ങളുടെ ദുരിതവുമൊക്കെ മായ്ച്ചുകളഞ്ഞു- കാണുന്നത് എന്റെ ജനലിനപ്പുറത്തു ഞാൻ കാണുന്ന കാഴ്ചകളുമായി ഒരു സാമ്യവുമില്ലാത്തതാണ്.
പുറത്ത്, ഗസ്സക്കാർ അനിശ്ചിതമായ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോൾ ഒട്ടും സുഖകരമല്ലാത്ത മുൻവിധിയും ആകാംക്ഷയും അന്തരീക്ഷത്തെ സാന്ദ്രമാക്കുന്നു. ഇസ്രായേലിന്റെ കൂട്ട അതിക്രമത്തിൽനിന്നു രക്ഷതേടി കുടിയൊഴിഞ്ഞുപോക്കിന് തയാറാണെന്നുറപ്പിച്ച് കരുതലോടെ ഞങ്ങൾ തയാർ ചെയ്ത എമർജൻസി കിറ്റുകളിൽ എന്തൊക്കെയാണെന്ന് അന്യോന്യം തിരക്കുകയാണ് ഞങ്ങൾ.
ഭക്ഷണവും വെള്ളവും മുടക്കിക്കൊണ്ടുള്ള ഉത്തരവാണല്ലോ ഇസ്രായേൽ പുറപ്പെടുവിച്ചിരിക്കുന്നത്. പല അക്രമസംഭവങ്ങളിലൂടെയും കടന്നുപോയവരാണ് ഞങ്ങൾ. എല്ലായ്പോഴും എക്സ്ട്രാ കാനിലടച്ച ഭക്ഷണവും കായ്കനികളും അടിയന്തരാവശ്യത്തിനായി കരുതും.
വെള്ളം ദുർലഭമാകുകയോ കിട്ടാതാവുകയോ ചെയ്യും എന്നു മുൻകൂട്ടി കണ്ട്, എല്ലാ ചട്ടിയും കലവും ജാറുമൊക്കെ ഞങ്ങൾ നിറച്ചുവെക്കും. അയൽക്കാർ തമ്മിൽ അത്യാവശ്യ ഇനങ്ങളെക്കുറിച്ച് അന്വേഷിക്കും. ആരുടെ കൈയിലും അധികമുള്ളത് അപരന് നൽകും. ഒരു കുടുംബത്തിന്റെ കൈയിൽ ഡയപർ അധികമുണ്ടാകും. മറ്റേയാളുടെ കൈയിൽ റൊട്ടിയായിരിക്കും കൂടുതൽ. നിശ്ശബ്ദമായി നടക്കുന്ന ആ കൈമാറ്റങ്ങൾ അനേക വാള്യങ്ങൾ സംസാരിക്കുന്നുണ്ട് എന്നോർക്കുക. അന്യോന്യം അകമഴിഞ്ഞ് സഹായിക്കുകയാണവർ.
മറ്റേതൊരു ബിസിനസ് ഇടപാടും പോലെ പ്രധാനം തന്നെയാണ് ഈ ഇടപാടും. ഒരിക്കലും ഉരിയാടാതെ പോകുന്ന അനുതാപത്തിന്റെ ഭാഷയിലാണ് അത് നടക്കുന്നത്. ഏറ്റവും ഫലപ്രദമായ കുടിയൊഴിഞ്ഞുപോക്ക് അവർ പ്ലാൻ ചെയ്യും. എങ്ങോട്ടാണ് പാഞ്ഞുപോകേണ്ടതെന്നും. യഥാർഥത്തിൽ ഞങ്ങൾക്ക് ഓടിച്ചെല്ലാനോ രക്ഷപ്പെടാനോ ഒരിടവുമില്ല എന്നതാണല്ലോ നേര്. ഗസ്സ ചീന്തിലെവിടെയും അഭയസ്ഥാനങ്ങളില്ല. ഇസ്രായേലിന്റെ ബോംബുകളിൽനിന്ന് ഓടിയൊളിക്കാനുള്ള ബങ്കറുകളില്ല.
ഇതിനകം പരുവപ്പെട്ടു കഴിഞ്ഞതുപോലെ, മിണ്ടാതിരുന്നാലെന്താ എന്നു ഞാൻ ആലോചിക്കും. ജീവിതകാലം മുഴുവനും അതിനും ദശകങ്ങൾക്കു മുമ്പും അനവരതം തുടർന്നുവന്ന അകത്തും പുറത്തുമുള്ള എല്ലാ അടിച്ചമർത്തലുകളുടെയും അടരുകൾക്കിടയിൽ എന്റെ ഭീതിയും ആകാംക്ഷയും മറവു ചെയ്താലോ എന്നു ചിന്തിക്കും. ലോകം ഞങ്ങളുടെ ദുരിതം അവഗണിക്കുന്നു, ഞങ്ങളുടെ മനുഷ്യത്വം നിഷേധിക്കുന്നു, അടിച്ചമർത്തലിനിരയാകുന്ന ഞങ്ങളെ അധിക്ഷേപിക്കുന്നു.
സമചിത്തതയും ആത്മാവും നഷ്ടപ്പെടാതെ ചുറ്റുപാടുകളോട് പൊരുതിനിൽക്കുക എന്ന വൈരുധ്യാത്മകതയിൽ പെട്ടുപോയിരിക്കുകയാണ് ഞാൻ. പടിഞ്ഞാറൻ ഭരണകൂടങ്ങളുടെ പക്ഷപാതവും തിരഞ്ഞുപിടിച്ച ക്രൂരതയും പുതിയതല്ല. വർഷംതോറും അല്ല, പതിറ്റാണ്ടുകൾ തോറും ഇസ്രായേലി അധിനിവേശത്തിനു കീഴിൽ ഞങ്ങൾ അനുഭവിക്കുന്ന അതിക്രമവും വിവേചനവും അവർ ഒരിക്കലും കണ്ടിട്ടില്ല, കണക്കിലെടുത്തിട്ടില്ല.
ചോദ്യം ഇതാണ്: ഞങ്ങൾ ഇവിടെനിന്ന് എങ്ങോട്ടു പോകും?
സെൽഫ് സെൻസർഷിപ്പിന്റെയും ബാഹ്യ അടിച്ചമർത്തലിന്റെയും മൈൻപാടങ്ങളെ നിയന്ത്രിച്ചുതന്നെ, അതിക്രമത്തെ തള്ളിപ്പറയുകയും വെറും സമാധാനത്തിനു കേഴുകയും ചെയ്യുന്ന ഫലസ്തീനികളുടെ വിലയെന്താണ്? ഞങ്ങളുടെ വിലാപങ്ങളെ അവഗണിക്കുന്ന ഒരു ലോകത്ത് എന്റെ വാക്കുകൾക്ക് ഒരു തുറസ്സ് ഉണ്ടാക്കാൻ കഴിയുമോ എന്നാണ് ചോദ്യം. ഇല്ലെങ്കിൽ അതിന്റെ കാരണം ഞാൻ ഒരു ഫലസ്തീനിയാണ് എന്നതു മാത്രമായിരിക്കും.
അതിക്രമങ്ങൾ രൂക്ഷമാകുന്ന ഓരോ സന്ദർഭത്തിലും അമേരിക്കൻ മീഡിയ അവരുടെ ഇസ്രായേൽ പക്ഷപാതിത്വം തുറന്നുപ്രകടിപ്പിക്കുന്നു. ഫലസ്തീൻ ശബ്ദങ്ങൾ വലിയ അളവിൽ ഒഴിവാക്കുന്നു. ഭീകരമാം വിധമായിരുന്നു ജീവനഷ്ടത്തിന്റെ വാർത്തകൾ അവർ നൽകിയത്. എന്നാൽ, കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ കൂട്ട അതിക്രമം നടത്തി നിരവധി നാശനഷ്ടങ്ങളുണ്ടായപ്പോൾ പടിഞ്ഞാറൻ മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും നന്നേ കുറഞ്ഞ താൽപര്യമേ ആ വിഷയത്തിലെടുത്തുള്ളൂ.
ലോകമേ, നിങ്ങൾ ഞങ്ങളെക്കൂടി കാണണമെന്ന് ഞങ്ങൾക്കു കൊതിയുണ്ട്. ഞങ്ങളെ കേൾക്കണമെന്ന്, ഞങ്ങളുടെ മനുഷ്യത്വം അംഗീകരിക്കണമെന്ന്, മറ്റാരെയും പോലെ സ്വാതന്ത്ര്യത്തിലും സുരക്ഷയിലും ജീവിക്കാനുള്ള ഞങ്ങളുടെ അവകാശം അനുവദിക്കണമെന്ന്.
അധികാര ബലതന്ത്രത്തെക്കുറിച്ചും രാഷ്ട്രീയ വിജയത്തെക്കുറിച്ചുമൊക്കെയുള്ള സംഭാഷണങ്ങളിൽ തെല്ലു മനുഷ്യപ്പറ്റിനും ഹൃദയവേദനക്കും ഇടമുണ്ടാകില്ലേ? അങ്ങനെയെങ്കിൽ ഞങ്ങൾ എന്നേ സ്വതന്ത്രരായിത്തീർന്നേനെ. നിഷ്ഠുരവും ക്രൂരവുമായ ഇസ്രായേൽ സേനയുടെ അക്രമങ്ങളും അതിരുകളടച്ചുകളഞ്ഞുള്ള അടിച്ചമർത്തൽ രീതികളും വൈകാരിക വിക്ഷുബ്ധതയെ നിയന്ത്രിക്കാനുള്ള എന്റെ കരുത്തിനെ ചോർത്തിക്കളഞ്ഞിരിക്കുന്നു.
ഇസ്രായേലി സൈനിക അധിനിവേശത്തിന്റെ ഈ പതിറ്റാണ്ടുകൾ ഞങ്ങളുടെ അസ്തിത്വഭാവത്തെയും ഞങ്ങളുടെ മണ്ണിന്റെയും ജനതയുടെയും ഓരോ തുണ്ടിനെയും കളങ്കപ്പെടുത്തിയത് മറക്കാനോ പൊറുക്കാനോ കഴിയില്ല.
ഞങ്ങളിൽ പലർക്കും, എത്ര പരിമിതമാണെങ്കിലും വലിയൊരു ശക്തിയുണ്ട്: ഞങ്ങളുടെ മൂർച്ച കുറക്കാനും ഞങ്ങളുടെ വെളിച്ചം തൂകുന്ന വിളക്കുകൾ നിഷ്പ്രഭമാക്കാനും ആഗ്രഹിക്കുന്ന ഒരു ലോകത്ത് സ്വപ്നം കാണാനും വേദനിക്കാനുമുള്ള കരുത്ത്. അതിനാൽ ഞാൻ ശബ്ദമുയർത്തും, വായനയും എഴുത്തും തുടരും, എന്റെ പ്രതീക്ഷ കെടാതെ കത്തും.
(ഫലസ്തീൻ മാധ്യമപ്രവർത്തകനും കഥയെഴുത്തുകാരനും ‘ഓക്സ്ഫാം’ അന്താരാഷ്ട്ര ഏജൻസി പ്രതിനിധിയുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.