തെൽഅവീവ്: ലബനാനിൽ ഇസ്രായേൽ മനുഷ്യക്കുരുതി തുടരുന്നതിനിടെ തിരിച്ചടിയുമായി ഹിസ്ബുല്ല. റോക്കറ്റ് ആക്രമണത്തിൽ ഹൈഫ മേഖലയിൽ 2 പേർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. ഇതോടെ ഇന്ന് ഹിസ്ബുല്ല ആക്രമണത്തിൽ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഏഴായി.
ലബനാനിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് വടക്കൻ ഇസ്രായേലിലെ ഒലിവ് തോട്ടത്തിൽ പതിച്ചാണ് രണ്ട് പേർ മരിച്ചതെന്ന് ഇസ്രായേലി എമർജൻസി സർവിസായ മെഗൻ ദവീദ് അദോം (എം.ഡി.എ) അധികൃതർ പറഞ്ഞു. ‘30 വയസ്സുള്ള പുരുഷനും 60 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. നേരിയ പരിക്കേറ്റ 71കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു’ - എം.ഡി.എ പ്രസ്താവനയിൽ പറഞ്ഞു.
മെതുലയിൽ നടന്ന ഹിസ്ബുല്ല റോക്കറ്റാക്രമണത്തിലാണ് നേരത്തെ അഞ്ചുപേർ കൊല്ലപ്പെട്ടത്. ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഒരാൾ ഇസ്രായേൽ പൗരനും മറ്റ് നാല് പേർ വിദേശികളുമാണ്.
അതേസമയം, നഗരങ്ങളും ഗ്രാമങ്ങളുമടക്കം ദക്ഷിണ ലബനാനിലെ പത്ത് പ്രദേശങ്ങളിൽനിന്ന് ജനങ്ങളോട് ഒഴിയണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടു. ബാൽബെക് മേഖലയിലെ അഭയാർഥി ക്യാമ്പ് ഉൾപ്പെടെ ഒഴിയണമെന്നാണ് ഇസ്രായേലിന്റെ അന്ത്യശാസനം. ഇസ്രായേൽ ആക്രമണം നടത്തുമെന്ന് പറയുന്ന സ്ഥലത്താണ് റാഷിദേഹ് അഭയാർഥി ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് ഫലസ്തീൻ അഭയാർഥികളാണ് ക്യാമ്പിൽ കഴിയുന്നത്.
വ്യാഴാഴ്ചയും ലബനാനിൽ ഇസ്രായേൽ ആക്രമണം നടത്തി. തലസ്ഥാനമായ ബൈറൂത്തിനെയും ബെക്ക താഴ്വരയെയും ബന്ധിപ്പിക്കുന്ന അരായ-ഖാലെ റോഡിൽ ഡ്രോൺ ആക്രമണമുണ്ടായി. 24 മണിക്കൂറിനിടെ ഗസ്സയിലെയും ലബനാനിലെയും 150 കേന്ദ്രങ്ങളെ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ലബനാൻ അതിർത്തിയിലെ ഖുസൈർ എന്ന സിറിയൻ നഗരത്തിലും ഇസ്രായേൽ ആക്രമണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.