ഗസ്സ വെടിനിർത്തൽ: മധ്യസ്ഥ ചർച്ച തുടരാൻ പ്രതിനിധി സംഘത്തെ അയക്കുമെന്ന് ഇസ്രായേൽ

തെൽ അവീവ്: ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ച തുടരാൻ പ്രതിനിധി സംഘത്തെ അയക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു. മധ്യസ്ഥരുമായുള്ള പ്രാഥമിക കൂടിക്കാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തിയ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസി മൊസാദിന്‍റെ മേധാവി ഡേവിഡ് ബാർണിയ തിരിച്ചെത്തിയതോടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഹമാസിന്‍റെ നിർദേശങ്ങൾ സംബന്ധിച്ചാണ് ബാർണിയ ചർച്ച നടത്തിയത്. നിലവിൽ ചർച്ചയിലിരിക്കുന്ന വെടിനിർത്തൽ നിർദേശം ഇസ്രായേൽ മന്ത്രിസഭ അംഗീകരിക്കുമെന്ന് തങ്ങൾക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്ന് മൊസാദ് ഉദ്യോഗസ്ഥർ മധ്യസ്ഥരോട് പറഞ്ഞതായാണ് റിപ്പോർട്ട്.

ഗസ്സയിൽ ഹമാസുമായുള്ള വെടിനിർത്തൽ കരാറിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ചർച്ചകൾക്കായി പ്രതിനിധി സംഘത്തെ അയയ്ക്കുന്നതിന് ഇസ്രായേൽ നെതന്യാഹു അംഗീകാരം നൽകിയതായി മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.

അതേസമയം, ഇന്ന് പുലർച്ചെ മധ്യ, വടക്കൻ ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 11 ഫലസ്തീനികൾ കൊല്ലപ്പെട്ടു. അഭയാർഥി ക്യാമ്പിലെ ഒരു വീടിനും ഐക്യരാഷ്ട്രസഭയുടെ വെയർഹൗസിനും നേരെ ഇസ്രായേൽ സൈന്യം ബോംബെറിഞ്ഞ് ഒമ്പത് പേരെയാണ് കൊലപ്പെടുത്തിയത്.
ഖാൻ യൂനിസിലെ നസർ മെഡിക്കൽ കോംപ്ലക്‌സ് ഇസ്രായേൽ ആക്രമണത്തിനിരയായവരാൽ നിറഞ്ഞിരിക്കുകയാണെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്‌സ് മുന്നറിയിപ്പ് നൽകി. 

Tags:    
News Summary - Israel to dispatch team for follow-up ceasefire talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.