ഗസ്സയിൽ ഹമാസ് പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട  ഇസ്രായേൽ സൈനികൻ എലിഷ ലുഗാസിയുടെ സംസ്കാരചടങ്ങ് 

ഹമാസ് തിരിച്ചടിയിൽ മൂന്ന് ഇസ്രായേൽ ​സൈനികർ കൂടി ഗസ്സയിൽ കൊല്ലപ്പെട്ടു

ഗസ്സ: സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള ഫലസ്തീൻ പൗരന്മാരെ കൊന്നൊടുക്കാൻ ഗസ്സയിലെത്തിയ മൂന്ന് ഇസ്രായേൽ സൈനികർ കൂടി ഹമാസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രായേൽ യുദ്ധടാങ്കിന് ​നേരെ ഹമാസ് തൊടുത്തുവിട്ട ടാങ്ക് വേധ മിസൈൽ പതിച്ചാണ് ഒരാൾ കൊല്ലപ്പെട്ടത്. മറ്റൊരാൾ ​കുത്തേറ്റും വേറൊരാൾ ഏറ്റുമുട്ടലിലുമാണ് മരിച്ചത്.

7ാം ബ്രിഗേഡിലെ 75-ാം ബറ്റാലിയൻ കമാൻഡറായ ക്യാപ്റ്റൻ എലേ എലിഷ ലുഗാസി (21)യാണ് വടക്കൻ ഗസ്സയിൽ യുദ്ധടാങ്കിന് നേരെയുള്ള ഹമാസ് ആക്രമണത്തിൽ ​കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഇയാളുടെ മരണം ഐ.ഡി.എഫ് സ്ഥിരീകരിച്ചു. ഇയാൾക്കൊപ്പം ടാങ്കിലുണ്ടായിരുന്ന ഏഴാം ബ്രിഗേഡിലെ 75-ാം ബറ്റാലിയൻ അംഗങ്ങളായ മൂന്ന് സൈനികരെ പരിക്കുകളോടെ ആശുപത്രിയലേക്ക് മാറ്റി. കൊല്ലപ്പെട്ട എലേ എലിഷ ലുഗാസിക്ക് നേരത്തെ ഗസ്സയിൽവെച്ച് പരിക്കേറ്റിരുന്നുവെന്നും ആഴ്ചകളോളം വിശ്രമിച്ച ശേഷം വീണ്ടും യുദ്ധത്തിനിറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ടതെന്നും കിര്യത് ഷ്മോന മേയർ അവിചായ് സ്റ്റെർൺ പറഞ്ഞു.

188-ാം ബ്രിഗേഡിലെ 71-ാം ബറ്റാലിയനിൽ ഡ്രൈവറായ സർജൻറ് അലക്‌സാണ്ടർ ഇക്കിമിൻസ്‌കി (19)യാണ് ഇന്നലെ കുത്തേറ്റ് കൊല്ലപ്പെട്ട ഇസ്രായേൽ സൈനികൻ. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഇതേ ബറ്റാലിയനിലെ മറ്റൊരു സൈനികന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അലക്‌സാണ്ടർ കൊല്ലപ്പെട്ടതെന്ന് ജറൂസലം പോസ്റ്റ് ​റിപ്പോർട്ട് ചെയ്തു.

വടക്കൻ ഗസ്സയിൽ ബുധനാഴ്ച ഹമാസുമായി നടന്ന ഏറ്റുമുട്ടലിലാണ് ഗിവാതി ബ്രിഗേഡിലെ പ്ലാറ്റൂൺ കമാൻഡറായ റോയ് മില്ലർ എന്ന സൈനികൻ കൊല്ല​പ്പെട്ടത്. ഇയാളുടെ മരണവിവരം ഇസ്രായേൽ സൈന്യം ഇന്നാണ് സ്ഥിരീകരിച്ചത്. ഇതേ സംഭവത്തിൽ മറ്റ് രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

ഗസ്സയിൽ ഇസ്രയേൽ കരയാക്രമണം തുടങ്ങിയ ശേഷം ഇതുവരെ 324 സൈനികർ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേൽ പറയുന്നത്.  

Tags:    
News Summary - Israeli army announces 3 more army officer killed in fighting in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.