ജറൂസലം: 2022 ഡിസംബറിൽ ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സർക്കാർ ഇസ്രായേലിൽ അധികാരത്തിലെത്തിയ ശേഷം ഫലസ്തീനികൾക്ക് നേരെയുള്ള ക്രൂരതകൾ ഇരട്ടിയായി. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെയും ജെനിനിലെയും അഭയാർഥി ക്യാമ്പുകളിൽ എല്ലാ ദിവസവും രാത്രി സൈനിക റെയ്ഡുകൾ നടത്തി കുട്ടികളും കൗമാരക്കാരും സ്ത്രീകളും അടക്കമുള്ളവരെ വെടിവെച്ചുകൊല്ലുന്നതിനൊപ്പം പടിഞ്ഞാറൻ ജറൂസലമിലെ ഫലസ്തീനികളുടെ വീടുകളും തകർക്കുകയാണ്.
ഇസ്രായേലിന്റെ അതിക്രമത്തിനെതിരെ ലോകം നിശ്ശബ്ദത പാലിക്കുകയാണ്. ആഴ്ചകളായി പടിഞ്ഞാറൻ ജറൂസലമിലെ ഫലസ്തീനി വീടുകൾക്ക് നേരെ ബുൾഡോസർ ഉപയോഗിക്കുകയാണ് സൈന്യം. ഫലസ്തീൻ തലസ്ഥാനമായി കാണുന്ന പടിഞ്ഞാറൻ ജറൂസലമിൽ ഫലസ്തീനികളുടെ ജനസംഖ്യ കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേലിന്റെ നീക്കങ്ങൾ. ജനുവരിയിൽമാത്രം 39 ഫലസ്തീനികളുടെ വീടുകളാണ് ഇസ്രായേൽ തകർത്തത്. വ്യാപാര സ്ഥാപനങ്ങളും തകർക്കുന്നുണ്ട്. ഇസ്രായേൽ കൈയേറിയ പടിഞ്ഞാറൻ ജറൂസലമിൽ ഫലസ്തീനികൾക്ക് വീടുകൾ നിർമിക്കാൻ പെർമിറ്റുകൾ ലഭിക്കാറില്ല. പുതിയ വീടുകൾ അനധികൃതമായാണ് കണക്കാക്കപ്പെടുന്നത്.
ഇതോടൊപ്പമാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള വീടുകളും തകർക്കുന്നത്. നിർമാണ കരാറുകാരനായ റാത്തിബ് മത്വാർ ഇത്തരത്തിൽ വീടുകൾ നഷ്ടപ്പെട്ടവരിൽ ഒരാളാണ്. സഹോദരനും മകനും വിവാഹമോചിതയായ മകളും പേരക്കുട്ടികളും അടക്കം 11 പേരാണ് മത്വാറിന്റെ വീട്ടിൽ താമസിച്ചിരുന്നത്. ജനുവരി 29നാണ് ഈ വീട് ഇസ്രായേൽ ബുൾഡോസർ ഉപയോഗിച്ചത് തകർത്തത്. മത്വാറിന്റെ വീട്ടിലേക്ക് ബുൾഡോസറുകൾ പ്രവേശിക്കുന്ന ദൃശ്യം ഇസ്രായേലിന്റെ സുരക്ഷാ മന്ത്രി ഇത്താമർ ബെൻഗ്വിർ ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു.
പടിഞ്ഞാറൻ ജറൂസലമിൽ 20,000 ഫലസ്തീനി വീടുകൾ തകർക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾതന്നെ വ്യക്തമാക്കുന്നു. 1967ലെ യുദ്ധത്തിന് ശേഷം ഇസ്രായേലി സർക്കാർ പടിഞ്ഞാറൻ ജറൂസലമിൽ ഇസ്രായേലികൾക്ക് വേണ്ടി 58,000 വീടുകളാണ് നിർമിച്ചത്.
ഫലസ്തീനികൾക്കായി 600 വീടുകൾ മാത്രമാണ് നിർമിച്ചതെന്നും ജറൂസലമിലെ താമസനിയന്ത്രണ നിയമങ്ങളിൽ വിദഗ്ധനായ അഭിഭാഷകൻ ഡാനിയൽ സീഡ്മാൻ പറയുന്നു. ജറൂസലമിലെ 10 ലക്ഷം ജനങ്ങളിൽ 40 ശതമാനത്തോളം ഫലസ്തീനികളാണ്. ഇവരെ നഗരത്തിൽനിന്ന് പുറന്തള്ളുകയും വിശുദ്ധ ആരാധനാലയങ്ങൾ അടങ്ങിയ ജറൂസലമിന്റെ നിയന്ത്രണം പൂർണമായും കൈക്കലാക്കുകയാണ് ഇസ്രായേൽ ലക്ഷ്യമെന്ന് കുടിയേറ്റ വിരുദ്ധ സംഘമായ ഇർ അമീം വ്യക്തമാക്കുന്നു.
2019ന് ശേഷം 21,000 വീടുകൾക്ക് ഇസ്രായേൽ മുനിസിപ്പാലിറ്റി അനുമതി നൽകിയതിൽ ഏഴു ശതമാനം മാത്രമാണ് ഫലസ്തീനികൾക്ക് ലഭിച്ചത്. വീടുകൾക്ക് പെർമിറ്റ് നൽകാതെയും ഉള്ളത് പൊളിച്ചും ഫലസ്തീനികളെ ജറൂസലം വിടാൻ നിർബന്ധിതരാക്കുകയാണ് ഇസ്രായേൽ ലക്ഷ്യമെന്ന് ഇർ അമീമിലെ ഗവേഷകൻ അവീവ് ടട്ടാർസ്കി പറഞ്ഞു. അതേസമയം, സർക്കാറിന്റെ നയങ്ങൾ സ്വാഗതാർഹമാണെന്നും പരമാധികാര ജറൂസലം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതായും ജറൂസലം ഡെപ്യൂട്ടി മേയർ ആരീ കിങ് പറഞ്ഞു.
2004ന് ശേഷം ഏറ്റവും രൂക്ഷമായ ഇസ്രായേൽ ആക്രമണമാണ് ഫലസ്തീനികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 2022ൽ മാത്രം 150ലധികം ഫലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നത്. 2023ൽ 39 ദിവസത്തിനിടെ 42 ഫലസ്തീനികളെ കൊലപ്പെടുത്തി. ഇസ്രായേലിന്റെ ക്രൂരത തുടർന്നിട്ടും ലോകം ഫലസ്തീനികളുടെ വേദന കാണുന്നില്ല. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഇടപെടണമെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.