തെൽ അവീവ്: 1,100 വർഷം മുമ്പുള്ള ഇസ്ലാമിക ഭരണകൂടമായ അബ്ബാസിയ ഖിലാഫത്തിലെ 425 സ്വർണനാണയം ഇസ്രായേലിൽ കണ്ടെത്തി. കളിമൺ പാത്രത്തിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. ആഗസ്റ്റ് 18നാണ് നിധി കണ്ടെത്തിയതെന്ന് ഇസ്രായേൽ പുരാവസ്തു വകുപ്പ് (ഐ.എ.എ) അറിയിച്ചു.
ഇസ്രായേലിലെ തെൽഅവീവിനടുത്ത സ്ഥലത്ത് (ഇസ്രായേൽ കൈയ്യേറുന്നതിന് മുമ്പ് ഫലസ്തീനിലെ യിബ്ന ഗ്രാമം) സന്നദ്ധപ്രവർത്തകരായ കൗമാരക്കാർ നടത്തിയ ഖനനത്തിലാണ് ഇവ കണ്ടെടുത്തത്. 1948ൽ ഇസ്രായേൽ അധിനിവേശത്തെ തുടർന്ന് ഫലസ്തീനികൾ ഇവിടം വിട്ട് പോയിരുന്നു. നാണയങ്ങളെല്ലാം 24 കാരറ്റ് തനിത്തങ്കമാണെന്ന് ഐ.എ.എ അധികൃതർ പറഞ്ഞു. അതേസമയം നാണയങ്ങൾ കണ്ടെടുത്ത സ്ഥലത്തിൻെറ വിശദാംശങ്ങൾ ഇവർ പുറത്തുവിട്ടിട്ടില്ല.
''കുഴിച്ച് തുടങ്ങിയപ്പോൾ ആദ്യം വളരെ നേർത്ത ഇലകൾ പോലെയാണ് തോന്നിയത്. സൂക്ഷിച്ച് നോക്കിയപ്പോൾ സ്വർണ്ണനാണയങ്ങളാണെന്ന് മനസ്സിലായി. സവിശേഷവും പുരാതനവുമായ നിധി കണ്ടെത്തിയത് വളരെ ആവേശകരമായിരുന്നു'' -ഖനനത്തിൽ പങ്കെടുത്ത ഓസ് കോഹൻ പറഞ്ഞു.
''തിരിച്ചെടുക്കാമെന്ന് കരുതിയായിരിക്കും 1,100 വർഷം മുമ്പ് ഉടമ ഈ നിധി കുഴിച്ചിട്ടിരിക്കുക. വളരെ സുരക്ഷിതമായാണ് സൂക്ഷിച്ചിരുന്നത്. അക്കാലത്ത് ഈ സ്വർണശേഖരത്തിന് വൻ വിലമതിപ്പുണ്ടാകും. ഈ നിധി തിരിച്ചെടുക്കാൻ എന്താണ് തടസ്സമായതെന്ന് മനസ്സിലാകുന്നില്ല'' -ഐ.എ.എ പുരാവസ്തു ഗവേഷകരായ ലിയാറ്റ് നാദവ്-സിവ്, ഏലീ ഹദ്ദാദ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ഒൻപതാം നൂറ്റാണ്ടിൻെറ അവസാനം കുഴിച്ചിട്ടതെന്ന് കണക്കാക്കുന്ന ഈ നാണയങ്ങൾക്ക് മൊത്തം 845 ഗ്രാം തൂക്കം വരും. ശുദ്ധമായ സ്വർണമായതിനാൽ വൻ തുക വിലമതിക്കുമെന്ന് ഐ.എ.എയിലെ നാണയ വിദഗ്ധനായ ഡോ. റോബർട്ട് കൂൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.