ആംസ്റ്റർഡാം (നെതർലൻഡ്സ്): ആംസ്റ്റർഡാമിൽ ഇസ്രായേൽ ഫുട്ബാൾ ക്ലബ് ആരാധകർ ഫലസ്തീൻ അനുകൂലികൾക്കു നേരെ വിദ്വേഷ മുദ്രാവാക്യം മുഴക്കുകയും ഫലസ്തീൻ പതാക വലിച്ചുകീറുകയും ചെയ്തതിനെ തുടർന്ന് സംഘർഷം. ഇരു വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്ക്.
ഡച്ച് ടീമായ അജാക്സിനെതിരായ യൂറോപ്പ ലീഗ് മത്സരം കഴിഞ്ഞ ശേഷം വ്യാഴാഴ്ച രാത്രി സ്റ്റേഡിയം വിട്ടു പുറത്തെത്തിയ ഇസ്രായേൽ ആരാധകർ ഫലസ്തീൻ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ഫലസ്തീൻ പതാക വലിച്ചു കീറുകയുമായിരുന്നു.
മക്കാബി തെൽഅവീവ് ക്ലബ് ആരാധകർക്ക് വംശീയതയുടെയും ഫലസ്തീൻ വിരുദ്ധ പെരുമാറ്റത്തിന്റെയും നീണ്ട ചരിത്രമുണ്ട്. ഇസ്രായേലിലെ ഏറ്റവും വംശീയ സോക്കർ ക്ലബ്ബ് ആയി അറിയപ്പെടുന്നതാണ് മക്കാബി തെൽഅവീവ് ക്ലബ്. ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടങ്ങളിൽ ക്ലബ് കളിച്ചിട്ടുണ്ട്. അക്രമികൾക്കെതിരെ കർശനമായും വേഗത്തിലും പ്രവർത്തിക്കാനും ഇസ്രായേലികളുടെ സമാധാനം ഉറപ്പാക്കാനും നെതന്യാഹു ഡച്ച് അധികാരികളോട് അഭ്യർഥിച്ചു.
പത്തു ഇസ്രായേലികൾക്ക് പരിക്കേറ്റതായി ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ സ്ഥിരീകരിച്ചു. ‘വ്യാഴാഴ്ച രാത്രി ആംസ്റ്റർഡാമിൽ ഇസ്രായേൽ ക്ലബായ മക്കാബി തെൽഅവീവ് ഫുട്ബോൾ ടീമിന്റെ ആരാധകർ ആക്രമിക്കപ്പെട്ടതായി അമേരിക്കയിലെ ഇസ്രായേൽ എംബസി എക്സിൽ അറിയിച്ചു. ആംസ്റ്റർഡാമിലെ ഇസ്രായേലികളോട് അവരുടെ ഹോട്ടലുകളിൽ തങ്ങാൻ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.