ബൈറൂത്: വെടിനിർത്തൽ നിലനിൽക്കുന്ന ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ 11 മരണം. വിവിധ കേന്ദ്രങ്ങൾക്കു നേരെ ബോംബുവർഷിച്ച ഇസ്രായേൽ സേന ഒരു സുരക്ഷ ഉദ്യോഗസ്ഥനെയടക്കം 11 പേരെ കൊലപ്പെടുത്തി. തിങ്കളാഴ്ച രണ്ടു പേരുടെ മരണത്തിനിടയാക്കി സൈനിക കേന്ദ്രങ്ങളിലടക്കം നടന്ന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. പ്രതികാരമായി ഇസ്രായേലിലെ സൈനിക കേന്ദ്രത്തിനുനേരെ ഹിസ്ബുല്ല റോക്കറ്റ് വർഷിച്ചു. തുടർന്ന് ഹാരിസ്, തലൂസ, നബാത്തിയ എന്നിവിടങ്ങളിലടക്കം ആക്രമണങ്ങളിൽ ഒമ്പതുപേർ കൂടി ലബനാനിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
തങ്ങളുടേതായി ലബനാൻ അവകാശപ്പെടുന്ന കഫർ ചൂബയിലെ ഇസ്രായേൽ സൈനിക താവളത്തിനുനേരെയാണ് തങ്ങൾ കരുതൽ ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല തിങ്കളാഴ്ച പ്രതികരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച നിലവിൽവന്ന വെടിനിർത്തൽ തുടർച്ചയായി ലംഘിച്ച് രാജ്യത്തുടനീളം വ്യോമാക്രമണവും തെക്കൻ ലബനാനിൽ വെടിവെപ്പും നടത്തുന്ന ഇസ്രായേൽ ബൈറൂത്തിലടക്കം ലബനാൻ വ്യോമാതിർത്തി ലംഘിക്കലും തുടരുകയാണെന്ന് ഹിസ്ബുല്ല കുറ്റപ്പെടുത്തി.
100ഓളം വെടിനിർത്തൽ ലംഘനങ്ങളാണ് ദിവസങ്ങൾക്കകം ഇസ്രായേൽ നടത്തിയത്. 4,000 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം അവസാനിപ്പിച്ച വെടിനിർത്തൽ ഇതോടെ അപകടത്തിലാകുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ഇരുപക്ഷവും ആക്രമണം പൂർണമായി നിർത്തണമെന്നാണ് നിബന്ധനയെങ്കിലും ദിവസവുമെന്നോണം ഇസ്രായേൽ ആക്രമണം നടത്തിയത് ജനങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. തെക്കൻ ലബനാനിൽ കൂടുതൽ മേഖലകൾ പിടിക്കാൻ വെടിനിർത്തൽ അവസരമാക്കുന്നതായും ലബനാനിലെ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
മാസങ്ങൾ നീണ്ട ആക്രമണങ്ങൾക്കൊടുവിൽ ഹിസ്ബുല്ലയെ തകർക്കാനെന്ന പേരിൽ സെപ്റ്റംബർ 23നാണ് ലബനാനിൽ ഇസ്രായേൽ പൂർണ യുദ്ധം തുടങ്ങിയത്. ഹിസ്ബുല്ല അധ്യക്ഷനടക്കം പ്രമുഖർ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. സംഘടനയെ നിർവീര്യമാക്കാനുള്ള ശ്രമം പക്ഷേ, ഇതുവരെയും വിജയം കണ്ടിട്ടില്ല. വടക്കൻ ഇസ്രായേലിൽ അഭയാർഥികളായവരെ തിരിച്ചെത്തിക്കലും വിജയം കണ്ടില്ല.
ഇതിനിടെയാണ് ഫ്രാൻസും യു.എസും നേതൃത്വം നൽകിയ വെടിനിർത്തൽ കരാർ നിലവിൽ വന്നത്. 60 ദിവസത്തിനകം ലബനാനിൽനിന്ന് ഇസ്രായേൽ സൈനികരെ പൂർണമായി പിൻവലിക്കണമെന്നാണ് വ്യവസ്ഥ. ഹിസ്ബുല്ല അതിർത്തി മേഖലകളിൽനിന്ന് പിന്മാറി പകരം ലബനാൻ സേനയെ വിന്യസിക്കണമെന്നും നിബന്ധനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.