ദക്ഷിണ കൊറിയയിൽ പ്രസിഡന്‍റ് ടി.വി സന്ദേശത്തിലൂടെ പട്ടാള ഭരണം പ്രഖ്യാപിക്കുന്നു

‘പ്രതിപക്ഷത്തിന് ഉത്തര കൊറിയയോട് അനുഭാവം’; ദക്ഷിണ കൊറിയയിൽ പട്ടാള ഭരണം പ്രഖ്യാപിച്ച് പ്രസിഡന്‍റ്

സോൾ: പാർലമെന്റിൽ ബജറ്റ് ബിൽ പ്രതിസന്ധി തുടരുന്നതിനിടെ ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ശക്തികളിൽനിന്ന് സംരക്ഷ ഒരുക്കാനെന്ന പേരിൽ രാജ്യത്ത് പട്ടാളഭരണം പ്രഖ്യാപിച്ച് ദക്ഷിണ കൊറിയ. ടെലിവിഷൻ സന്ദേശത്തിലാണ് പ്രസിഡന്റ് യൂൻ സൂക് യൂൾ പ്രഖ്യാപനം നടത്തിയത്. അടുത്ത വർഷത്തെ ബജറ്റ് ബില്ലിനെ ചൊല്ലി ഭരണ, പ്രതിപക്ഷ കക്ഷികൾ തമ്മിൽ അഭിപ്രായ ഭിന്നത തുടരുകയാണ്. ദേശീയ അസംബ്ലി ക്രിമിനലുകളുടെ താവളമായി മാറിയെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി.

രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്‍റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ശക്തികളോട് അനുഭാവം പുലർത്തുന്നുവെന്നും കാണിച്ചാണ് രാത്രി വൈകി പ്രസിഡന്‍റ് പട്ടാള ഭരണം പ്രഖ്യാപിച്ചത്. ഉത്തര കൊറിയൻ അനുകൂല ശക്തികളെ ഉന്മൂലനം ചെയ്യുമെന്നും ഭരണഘടനാപരമായ ജനാധിപത്യക്രമം സംരക്ഷിക്കുമെന്നും പ്രതിജ്ഞയെടുക്കുന്നതായി പ്രസിഡന്‍റ് സന്ദേശത്തിൽ പറഞ്ഞു. രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന പ്രതിപക്ഷം പാർലമെന്റ് നടപടികൾ തടസപ്പെടുത്തുകയാണെന്നും യൂൻ ആരോപിച്ചു.

അടുത്ത വർഷത്തേക്കുള്ള ബജറ്റ് ബിൽ പാസാക്കുന്നതിൽ പ്രസിഡന്‍റിന്‍റെ പീപ്പിൾ പവർ പാർട്ടിയും പ്രതിപക്ഷത്തെ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ ഭിന്നത ഉടലെടുത്തതിനു പിന്നാലെയാണ് പട്ടാള നിയമം നടപ്പാക്കുന്നതായി പ്രഖ്യാപിച്ചത്. പ്രസിഡന്‍റിന്‍റെ അപ്രതീക്ഷിത നീക്കത്തെ എതിർത്ത് ഭരണകക്ഷിയും പ്രതിപക്ഷവും രംഗത്തുവന്നിട്ടുണ്ട്.

പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാർലമെന്റ് ബജറ്റ് വെട്ടിക്കുറയ്ക്കുന്നതിനെ അംഗീകരിച്ചിരുന്നു. എന്നാൽ സുപ്രധാന ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നതിനെ വിമർശിച്ച് യോൾ പരസ്യമായി രംഗത്തെത്തി. ലഹരിമരുന്ന് കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും പൊതുസുരക്ഷ സംരക്ഷിക്കുന്നതിനുമുള്ള ഫണ്ടാണ് പ്രതിപക്ഷം കുറച്ചതെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്നുമാണ് പ്രസിഡന്‍റിന്‍റെ ആരോപണം.

രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വിലക്കുണ്ടെങ്കിലും ദേശീയ സഭയിലെ അംഗങ്ങൾ പാർലമെന്‍റിൽ യോഗം ചേരുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്‍റെ ഭരണത്തിലും പൗരാവകാശത്തിലും അടിയന്തര സൈനിക നിയമം ചെലുത്തുന്ന സ്വാധീനം ഇതുവരെ വ്യക്തമല്ല. നിയമം ലംഘിക്കുന്നവരെ വാറന്‍റില്ലാതെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. മാധ്യമങ്ങൾക്ക് കർശന നിയന്ത്രണമുണ്ട്. സൈന്യത്തിന്‍റെ അനുമതിയില്ലാതെ വാർത്തകൾ പുറത്തുവിടാനാകില്ല. പാർലമെന്‍റിലേക്കുള്ള പ്രവേശന കവാടം സൈന്യം അടച്ചതായും റിപ്പോർട്ടിൽ പറ‍യുന്നു.

നേരത്തെ പ്രസിഡന്‍റിന്‍റെ ഭാര്യയും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ട അഴിമതികളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തെ തള്ളിക്കളഞ്ഞതിന് പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിന് യൂൻ വിധേയനായിരുന്നു.

Tags:    
News Summary - South Korea's president declares emergency martial law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.