സോൾ: ദക്ഷിണ കൊറിയയിൽ പ്രഖ്യാപിച്ച പട്ടാള നിയമം മണിക്കൂറുകൾക്കകം പിൻവലിച്ച് പ്രസിഡന്റ് യൂൺ സോക് യോൾ. പ്രസിഡന്റിന്റെ പ്രഖ്യാപനം പാർലമെന്റ് വോട്ടിനിട്ട് തള്ളിയതിന് പിന്നാലെയാണ് പട്ടാളനിയമം പിൻവലിക്കാൻ തീരുമാനിച്ചത്.
പ്രതിപക്ഷ പാർട്ടികൾ ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും ഭരണത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പട്ടാള നിയമം പ്രഖ്യാപിച്ചത്. ഉത്തര കൊറിയൻ കമ്യൂണിസ്റ്റ് ശക്തികളുടെ ഭീഷണിയിൽനിന്ന് ദക്ഷിണ കൊറിയയെ സംരക്ഷിക്കാനും ഉത്തര കൊറിയൻ അനുകൂലികളായ ദേശവിരുദ്ധരെ ഉന്മൂലനം ചെയ്യാനുമാണ് പട്ടാളനിയമം പ്രഖ്യാപിക്കുന്നതെന്ന് ടെലിവിഷൻ സന്ദേശത്തിൽ യോൾ പറഞ്ഞിരുന്നു.
പിന്നാലെ, പാർലമെന്റും മറ്റു രാഷ്ട്രീയ സമ്മേളനങ്ങളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് സൈന്യം പ്രഖ്യാപിച്ചു. പണിമുടക്കിയ ഡോക്ടർമാർ 48 മണിക്കൂറിനുള്ളിൽ ജോലിയിൽ തിരിച്ചെത്തണമെന്നും സൈന്യം അറിയിച്ചിരുന്നു. മെഡിക്കൽ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കാനുള്ള സർക്കാർ പദ്ധതികൾക്കെതിരെ ആയിരക്കണക്കിന് ഡോക്ടർമാർ മാസങ്ങളായി പണിമുടക്കുകയാണ്. ഉത്തരവ് ലംഘിക്കുന്ന ആരെയും വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാമെന്ന് സൈന്യം ഭീഷണിപ്പെടുത്തിയിരുന്നു. പാർലമെന്റ് കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് അംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
അതേസമയം, യോളിന്റെ പീപ്ൾ പവർ പാർട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ അടുത്തവർഷത്തെ ബജറ്റിനെച്ചൊല്ലിയുള്ള തർക്കം ഉടലെടുത്തതിനു പിന്നാലെയാണ് പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി പാര്‍ലമെന്‍റില്‍ അനുചിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന് പ്രസിഡന്റ് ആരോപിച്ചിരുന്നു. തെറ്റായ സമയത്താണ് പട്ടാള നിയമം പ്രഖ്യാപിച്ചതെന്ന് ഭരണപക്ഷമായ പീപ്ള്‍സ് പവര്‍ പാര്‍ട്ടിയിലെ ചില നേതാക്കളും അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് പ്രസിഡന്റ് യൂൺ സോക് യോളിന് മനംമാറ്റമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.