ഡമസ്കസ്: പ്രസിഡന്റ് ബശ്ശാറുൽ അസദ് റഷ്യയിൽ അഭയം തേടിയതോടെ അധികാരശൂന്യത വേട്ടയാടുന്ന സിറിയയെ സൈനികമായി ഇല്ലാതാക്കിയും രാജ്യത്ത് വൻതോതിൽ അധിനിവേശം നടത്തിയും ഇസ്രായേൽ.
വിമാനത്താവളങ്ങൾ, വ്യോമ- നാവികകേന്ദ്രങ്ങൾ എന്നിവ നാമാവശേഷമാക്കിയ കനത്ത വ്യോമാക്രമണങ്ങൾക്കിടെ ഇസ്രായേൽ കരസേന സിറിയൻ തലസ്ഥാനമായ ഡമസ്കസിനരികെ എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. പ്രതിപക്ഷ സേനക്ക് അധികാരം കൈമാറാൻ തയാറാണെന്ന് നിലവിലെ പ്രധാനമന്ത്രി ഗാസി മുഹമ്മദ് ജലാലി പ്രഖ്യാപിച്ചതിനിടെയാണ് സിറിയയിൽ ലോകത്തെ ഞെട്ടിച്ച് ഇസ്രായേൽ അധിനിവേശം.
ഡമസ്കസ് വിമാനത്താവളത്തിന് 25 കിലോമീറ്റർ അകലെ ഖതനയിൽ ഇസ്രായേൽ യുദ്ധടാങ്കുകൾ എത്തി. ഇസ്രായേൽ അധിനിവിഷ്ട ഗോലാൻ കുന്നുകളെ സിറിയൻ അതിർത്തിയുമായി വേർതിരിക്കുന്ന നിരായുധീകരിക്കപ്പെട്ട മേഖലയിൽനിന്ന് 10 കിലോമീറ്റർ അകലെ സിറിയൻ പ്രദേശത്താണ് ഖതന. തെക്കൻ സിറിയയിൽ ഖുനൈത്ര ഗവർണറേറ്റും ഇസ്രായേൽ പിടിച്ചിട്ടുണ്ട്. ഗോലാൻ കുന്നുകളോടു ചേർന്ന ബഫർ സോണിൽ 400 ചതുരശ്ര കിലോമീറ്റർ പ്രദേശം കഴിഞ്ഞദിവസം പിടിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായി ഹെർമോൺ മലയിലും നിരവധി സമീപ ഗ്രാമങ്ങളിലും കടന്നുകയറിയിട്ടുണ്ട്. ഇവിടെ 18 കിലോമീറ്ററോളം സിറിയൻ പ്രദേശം ഇസ്രായേൽ പിടിച്ചതായാണ് കണക്ക്. ലബനാൻ അതിർത്തിയോടുചേർന്ന സിറിയൻ പ്രദേശങ്ങളിലും ഇസ്രായേൽ കടന്നുകയറ്റം നടത്തുന്നതായി ബൈറൂത് ആസ്ഥാനമായ മയാദീൻ ടി.വി റിപ്പോർട്ട് ചെയ്തു. 1974ലെ ഉഭയകക്ഷി ധാരണകൾ ലംഘിച്ചാണ് വൻ കടന്നുകയറ്റം. കടന്നുകയറ്റ വാർത്തകൾ ഇസ്രായേൽ നിഷേധിച്ചു.
തുടർച്ചയായ മൂന്നാം ദിനത്തിലെ ആക്രമണങ്ങളിൽ സിറിയൻ സേനക്കു കീഴിലുണ്ടായിരുന്ന യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, സൈനിക താവളങ്ങൾ, ആയുധനിർമാണ-സംഭരണ കേന്ദ്രങ്ങൾ എന്നിവ പൂർണമായും തകർക്കപ്പെട്ടതായാണ് റിപ്പോർട്ട്. തലസ്ഥാന നഗരത്തോടുചേർന്ന മസ്സ വ്യോമതാവളം നാമാവശേഷമാക്കപ്പെട്ടവയിൽ പെടും. 300ലേറെ വ്യോമാക്രമണങ്ങളാണ് രണ്ടുദിവസത്തിനിടെ ഇസ്രായേൽ ബോംബറുകൾ സിറിയയിലുടനീളം നടത്തിയത്. പ്രതികരിക്കാനോ സൈനികമായി തിരിച്ചടിക്കാനോ ഭരണകൂടം ഇല്ലെന്നതിനാൽ യഥാർഥ കണക്കുകൾ പുറംലോകമറിയാൻ വൈകും.
തീവ്രശക്തികളുടെ കൈകളിൽ എത്താതിരിക്കാനെന്ന പേരിൽ സമീപകാലത്തെ ഏറ്റവും കനത്ത ആക്രമണത്തിൽ ലടാകിയ തുറമുഖത്ത് നങ്കൂരമിട്ട യുദ്ധക്കപ്പലുകൾ തകർത്തു. ഇവയിലുണ്ടായിരുന്ന കപ്പൽവേധ മിസൈലുകളും തകർത്തു.
ഡമസ്കസ്: ബശ്ശാറുൽ അസദിനെ പുറത്താക്കുന്നതിൽ പങ്കുവഹിച്ച മുഹമ്മദ് അൽബശീറിനെ ഇടക്കാല പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് പ്രതിപക്ഷ സേന. മാർച്ച് ഒന്നുവരെയാകും ഇടക്കാല സർക്കാർ കാലാവധി. സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ ഇദ്‍ലിബിലും പരിസരങ്ങളിലും വിമോചന സർക്കാർ എന്ന പേരിൽ ഭരണം നടത്തിവരുകയായിരുന്നു ബശീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.