(photo: MOSTAFA ALKHAROUF /ANADOLU VIA GETTY IMAGES)

ഗസ്സയിലെ ആശുപത്രികൾ വളഞ്ഞ് ഇസ്രായേൽ സൈന്യം

ഗസ്സ: ഗസ്സയിലെ നാല് ആശുപത്രികൾ ഇ​സ്രായേൽ സൈന്യം വളഞ്ഞതായി റിപ്പോർട്ട്. ഹമാസ് കേന്ദ്രങ്ങളെന്ന് ആരോപിച്ചാണ് നടപടി. അൽ റൻതീസി കുട്ടികളുടെ ആ​ശുപത്രി, അൽ നാസർ ആശുപത്രി, സർക്കാർ കണ്ണാശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവയാണ് കരസേന വളഞ്ഞത്.

അതേസമയം, അൽ ശിഫ ആശുപത്രിക്കുനേരെ വ്യാഴാഴ്ച രാത്രി മുതൽ അഞ്ചുതവണ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. അൽ ശിഫ ആശുപത്രിക്കടിയിൽ ഹമാസിന്റെ സൈനിക നിയ​ന്ത്രണ കേന്ദ്രവും ഭൂഗർഭ തുരങ്കങ്ങളുമുണ്ടെന്നാണ് ഇസ്രായേൽ ആരോപണം. ഇക്കാര്യം ഹമാസ് നിഷേധിച്ചിട്ടിട്ടുണ്ട്. ഗസ്സയിൽ ഇതുവരെ 21 ആശുപത്രികളാണ് ഇസ്രായേൽ ആക്രമണത്തിൽ തകർന്നും മറ്റും പൂട്ടിയതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്റ അറിയിച്ചു.

അൽ ബുറാഖ് സ്കൂളിൽ വെള്ളിയാഴ്ച വൈകീട്ട് നടത്തിയ ബോംബിങ്ങിൽ 50ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. വടക്കൻ ഗസ്സയിൽനിന്ന് തെക്കുഭാഗത്തേക്ക് പലായനം ചെയ്യുന്നവർക്ക് നേരെയുണ്ടായ ആക്രമണത്തിലും നിരവധി പേർ മരിച്ചു.

4,506 കുട്ടികളടക്കം ആകെ മരണസംഖ്യ 11,078 ആയി. അധിനിവേശ വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ 19 ഫലസ്തീൻ പൗരൻമാരെ കൊലപ്പെടുത്തി. ഇതോടെ, ഒക്‌ടോബർ 7 മുതൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ മാത്രം 182 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ‘വഫ’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

രണ്ട് ​ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു

ഗസ്സയിൽ രണ്ട് ഇസ്രായേൽ സൈനികർ കൂടി ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. കരയുദ്ധം ആരംഭിച്ച ശേഷം തങ്ങളുടെ 41 ​സൈനികരെ ഹമാസ് കൊലപ്പെടുത്തിയതായി ഇസ്രായേൽ പറഞ്ഞു. ഇസ്രായേൽ സൈന്യത്തിന്റെ കണക്കനുസരിച്ച്, യുദ്ധം ആരംഭിച്ച ശേഷം കൊല്ലപ്പെട്ട സൈനികരുടെ ആകെ എണ്ണം 354 ആയി.

Tags:    
News Summary - Israeli tanks surround several hospitals in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.