ടോക്യോ: ചൈനയിലെ ഫാക്ടറികൾ നാട്ടിലേക്ക് പറിച്ചുനടാൻ കമ്പനികളെ പ്രേരിപ്പിച്ച് ജപ്പാൻ. ഇതിനായി 2.2 ബില്യൺ ഡോളറിന്റെ ധനസഹായമാണ് പ്രഖ്യാപിച്ചത്. കൊറോണയെ തുടർന്ന് തകർന്ന സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന ുള്ള നടപടികളുടെ ഭാഗമായാണ് ഉത്തേജക പാക്കേജ് നടപ്പാക്കുന്നത്.
ഈ തുകയിൽ നിന്ന് 220 ബില്യൺ യെൻ (രണ്ട് ബില്യ ൺ ഡോളർ) ജപ്പാനിലേക്ക് ഉൽപാദനം മാറ്റുന്ന കമ്പനികൾക്ക് നൽകും. ഉൽപാദനം മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്ന കമ്പനികൾക്കാണ് ബാക്കി 23.5 ബില്യൺ യെൻ നീക്കിവെക്കുക. ജപ്പാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. എന്നാൽ, കോവിഡ് ബാധ നിർമ്മാണ, വിതരണ ശൃംഖലകളിൽ വൻ തിരിച്ചടിയാണ് സൃഷ്ടിച്ചത്. ഫെബ്രുവരിയിൽ ചൈനയിൽനിന്നുള്ള ഇറക്കുമതി പകുതിയോളം കുറഞ്ഞു. ലോക്ഡൗണും ചരക്ക് നീക്കത്തിൽ നേരിട്ട തടസ്സവും പ്രധാന വ്യാപാര പങ്കാളികളെ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
ഉൽപാദനത്തിന് ചൈനയെ ആശ്രയിക്കുന്നത് കുറക്കാൻ ജപ്പാനീസ് കമ്പനികൾ നേരത്തെ തന്നെ ആലോചിക്കുന്നുണ്ടെന്നും ബജറ്റിൽ ഇതിന് സഹായം കൂടി പ്രഖ്യാപിച്ചതോടെ മാറ്റം വേഗത്തിലാകുമെന്നും ജപ്പാൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ഷിനിച്ചി സെകി അഭിപ്രായപ്പെട്ടു. എന്നാൽ, ചൈനീസ് വിപണി ലക്ഷ്യമാക്കി കാർ ഉൾപ്പെടെയുള്ളവ നിർമിക്കുന്ന കമ്പനികൾ അവിടെ തന്നെ തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ചൈനയിൽ കേന്ദ്രീകരിക്കാതെ, ഉയർന്ന മൂല്യമുള്ളവയുടെ ഉത്പാദനം ജപ്പാനിലേക്കും മറ്റുള്ളവയുടെ ഉത്പാദനം ഏഷ്യയിലുടനീളവും വ്യാപിപ്പിക്കാൻ ജാപ്പനീസ് ഗവൺമെൻറ് നിയമിച്ച വിദഗ്ധ സംഘം കഴിഞ്ഞ മാസം നിർദേശിച്ചിരുന്നു.
അതേസമയം, ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളെ പുതിയനീക്കം പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഏപ്രിൽ ആദ്യവാരം ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ജപ്പാൻ സന്ദർശിക്കാനിരുന്നതായിരുന്നു. എന്നാൽ, കൊറോണ പശ്ചാത്തലത്തിൽ ഒരു മാസം മുമ്പ് ഇത് മാറ്റിവെച്ചു. പുതിയ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.