യു.എസിൽ ജൂത മത വിശ്വാസികൾ നടത്തിയ ഫലസ്തീൻ അനുകൂല പ്രകടനത്തിൽ നിന്ന്

ഫലസ്തീനികൾക്ക് വേണ്ടി ജൂത വിദ്യാർഥികളുടെ തുറന്ന കത്ത്: ‘75 വർഷമായി തുടരുന്ന ഇസ്രായേൽ ക്രൂരത അവസാനിപ്പിക്കണം’

ന്യൂയോർക്ക്: ഫലസ്തീനികൾക്ക് സ്വാതന്ത്ര്യം അനുവദിക്കണമെന്നും 75 വർഷമായി ഇസ്രായേൽ തുടരുന്ന ക്രൂരത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അമേരിക്കയിലെ ജൂത വിദ്യാർഥികളുടെ തുറന്ന കത്ത്. ഇസ്രായേൽ ക്രൂരതയെയും ഹമാസിന്റെ അക്രമങ്ങളെയും അപലപിച്ച വിദ്യാർഥികൾ, ഹമാസ് നടത്തുന്ന അക്രമങ്ങളെ അതിന് കാരണമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്ന് വേർപെടുത്തി കാണാൻ കഴിയില്ലെന്നും കത്തിൽ വ്യക്തമാക്കി.

അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിലെ 36 ജൂത വിദ്യാർത്ഥികളാണ് കത്തെഴുതിയത്. ഫലസ്തീനികളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും നിലയുറപ്പിക്കുമെന്ന് വ്യക്തമാക്കിയ എഴുത്ത് ഇസ്രായേൽ ആക്രമണം ഒരു മാസം പിന്നിട്ട നവംബർ 7നാണ് പ്രസിദ്ധീകരിച്ചത്.

‘ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിനെ ആക്രമിക്കുന്നതിന് മുമ്പ്, ഇസ്രായേൽ 75 വർഷമായി ഫലസ്തീനികൾക്കുനേരെ വർണ്ണവിവേചനവും അധിനിവേശവും നടത്തുകയാണ്. ഭരണകൂടം പതിറ്റാണ്ടുകളായി നിന്തരം നടത്തുന്ന അക്രമചരിത്രത്തിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്. കുട്ടികളെന്നോ സ്ത്രീകളെന്നോ ഭേദമില്ലാതെ ആയിരങ്ങളെ ഇസ്രായേൽ കൊന്നൊടുക്കുകയും 15 ലക്ഷത്തിലധികം ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കുകയും ചെയ്തതിനെ തള്ളിപ്പറയാൻ കഴിയാത്തവർ നമ്മുടെ ചരിത്രത്തിൽ നിന്ന് പാഠം പഠിക്കുന്നതിൽ പരാജയപ്പെട്ടവരാണ്’ -കത്തിൽ ചൂണ്ടിക്കാട്ടി.

ഫലസ്തീനികളുടെ സ്വാതന്ത്ര്യമെന്നാൽ ജൂതന്മാരെ പുറത്താക്കുകയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഭൂമിയിൽ നിന്ന് ജൂതന്മാരെ ഉന്മൂലനം ചെയ്യുകയല്ല, മറിച്ച് സയണിസ്റ്ററ് ഭരണകൂടം അന്യായമായി കൈവശപ്പെടുത്തിയ ഭൂമിയും അവരുടെ സ്വാതന്ത്ര്യവും തിരിച്ചു നൽകലാണ്. ഞങ്ങൾ ഹമാസിനെയല്ല, ഫലസ്തീനികളെയാണ് പിന്തുണക്കുന്നത്‘ -വിദ്യാർഥികൾ വ്യക്തമാക്കി.

‘ലോകത്തിൽ നടക്കുന്ന അനീതി​ക്കെതിരെ ഉച്ചത്തിൽ സംസാരിക്കുന്നതിൽനിന്ന് ഞങ്ങൾ പിന്മാറില്ല. ഞങ്ങളുടെ യഹൂദ വ്യക്തിത്വം അനീതിയുമായി സഹകരിക്കാൻ ഞങ്ങളെ അനുവദിക്കില്ല. ഇസ്രായേൽ ഭരണകൂടത്തെ എതിർക്കാൻ നമ്മുടെ യഹൂദമതം നമ്മെ നിർബന്ധിക്കുന്നു. "ഈജിപ്തിൽ പരദേശികളായിരുന്ന നിങ്ങൾക്ക് അപരിചിതന്റെ വികാരങ്ങൾ അറിയുന്നതിനാൽ അപരിചിതനെ അക്രമിക്കരുത്’ എന്നാണ് തോറയിലെ പുറപ്പാട് പുസ്തകത്തിലെ 23ആം അധ്യായം 9 വാചകം നമ്മോട് കൽപിക്കുന്നത്. ഫലസ്തീനികൾ നമ്മുടെ സഹോദരങ്ങളാണ്. നമ്മുടെ സമപ്രായക്കാർ, വിലപ്പെട്ട ജീവിതമുള്ള മനുഷ്യർ. നമ്മുടെ പേരിൽ അവരെ ആക്രമിക്കരുത്’ -വിദ്യാർഥികൾ വ്യക്തമാക്കി.

Tags:    
News Summary - Jewish students from Brown University condemned the violence by Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.