ലാസ്വേഗാസ്: ട്രംപ് ഹോട്ടലിൽ ടെസ്‍ലയുടെ സൈബർ ട്രക്ക് കത്തിനശിച്ചതിൽ ഭീകരാക്രമണ സാധ്യതയും പരിശോധിച്ച് അന്വേഷണ ഏജൻസികൾ. ഗ്യാസ് ടാങ്കുകളും പെട്രോളും ഉപയോഗിച്ച് സ്ഫോടനം നടത്തിയെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.
രാവിലെ 8.40ഓടെയാണ് സൈബർ ട്രക്ക് കത്തിയെന്ന വിവരം തങ്ങൾക്ക് ലഭിക്കുന്നതെന്ന് ലാസ്വേഗാസ് പൊലീസ് ഉദ്യോഗസ്ഥൻ കെവിൻ മക്മാഹൽ പറഞ്ഞു. പൊലീസ് എത്തുമ്പോൾ വാഹനം നിന്നു കത്തുന്നതാണ് കണ്ടത്.
ഒരാളെ വാഹനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്. അത് പുരുഷനാണോ സ്ത്രീയാണോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. സ്ഫോടനത്തെ തുടർന്ന് ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ആരുടേയും പരിക്ക് സാരമുള്ളതല്ല.
കേസ് അന്വേഷണത്തിന്റെ ഭാഗമാവുമെന്ന് എഫ്.ബി.ഐയും അറിയിച്ചു. സൈബർ ട്രക്ക് വാടകക്കെടുത്തതാണെന്ന് സംശയമുണ്ടെന്ന് സി.എൻ.എന്നും റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന് ഒരു മണിക്കൂർ മുമ്പ് ഇതേ വാഹനം ഹോട്ടലിന് മുന്നിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. ന്യു ഓർലിയൻസിൽ നടന്ന സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
യു.എസിലെ ന്യൂ ഓർലിയൻസിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തിൽ 15 പേർ മരിച്ചിരുന്നു. 30 പേർക്ക് പരിക്കേറ്റു. ഇവിടെ പ്രസിദ്ധമായ കനാൽ-ബോർബൺ സ്ട്രീറ്റിൽ പുതുവത്സരാഘോഷത്തിനായി തടിച്ചുകൂടിയതായിരുന്നു ജനം. പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക് മാറ്റി. ആക്രമണം നടത്തിയ ആളും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.